തീപ്പെട്ടി ചോദിച്ചതിന് മര്‍ദിച്ചു : യുവാവിന് ജീവപര്യന്തം തടവും പിഴയും

Crime Local News

മഞ്ചേരി: തീപ്പെട്ടിയുണ്ടോയെന്ന് ആവര്‍ത്തിച്ച് ചോദിച്ചതിലുള്ള വിരോധം വെച്ച് പട്ടിക വിഭാഗത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് മഞ്ചേരി എസ് സി എസ് ടി സ്പെഷ്യല്‍ കോടതി ജീവപര്യന്തം തടവും 62500 രൂപ പിഴയും ശിക്ഷ വിധിച്ചു. പെരകമണ്ണ ചാത്തല്ലൂര്‍ വെസ്റ്റ് തെത്രംപള്ളി ഹക്കീം (32)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്. പെരകമണ്ണ ചാത്തല്ലൂര്‍ ചെക്കുന്ന് കളിയേങ്ങല്‍ ചന്ദ്രന്റെ മകന്‍ ബാബു (42)നാണ് മര്‍ദ്ദനമേറ്റത്. 2022 മാര്‍ച്ച് 14ന് വൈകീട്ട് 4.45നാണ് കേസിന്നാസ്പദമായ സംഭവം. മക്കളെ സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടു പോകവെ അംബേദ്ക്കര്‍ പട്ടിക വര്‍ഗ്ഗ കോളനി റോഡില്‍ വെച്ച് പ്രതി ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി മരക്കഷ്ണം കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. തടയാനെത്തിയ കുട്ടികളെ ഭീഷണിപ്പെടുത്തുകയും കുട്ടികള്‍ പഠനാവശ്യത്തിനുപയോഗിക്കുന്ന ഫോണ്‍ പിടിച്ചു വാങ്ങി എറിഞ്ഞ് പൊട്ടിച്ച് 8500 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയിലുണ്ട്. അക്രമത്തില്‍ ബാബുവിന് നട്ടെല്ലിന് അടക്കം ഗുരുതര പരിക്കുകള്‍ സംഭവിച്ചിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 326 വകുപ്പ് പ്രകാരം ജീവപര്യന്തം തടവ് 50000 രുപ പിഴ, പിഴയടച്ചില്ലെങ്കില്‍ ആറു മാസം തടവ്, 324 വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം കഠിന തടവ് 10000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ്, 323 വകുപ്പ് പ്രകാരം ഒരു വര്‍ഷം കഠിന തടവ്, 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് മര്‍ദ്ദനത്തിനുള്ള ശിക്ഷ. ഇതിനു പുറമെ ഭീഷണിപ്പെടുത്തിയതിന് 506 വകുപ്പ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവ്, 1000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവ്, തടഞ്ഞി വെച്ചതിന് 341 വകുപ്പ് പ്രകാരം ഒരു മാസം സാധാരണ തടവ്, 500 രുപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരാഴ്ചത്തെ അധിക തടവ് എന്നിങ്ങനെയൂം ശിക്ഷയുണ്ട്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.
എടവണ്ണ എസ് ഐ യായിരുന്ന കൃഷ്ണനുണ്ണി രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ എബ്രഹാം ആണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 18 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി. എസ് സി പി ഒ കെ സാജനാണ് പ്രോസിക്യൂഷന്‍ അസിസ്റ്റ് ലൈസണ്‍ ഓഫീസര്‍. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി