കോടാലി ഉപയോഗിച്ച്വീടിന്റെ വാതില്‍വെട്ടിപൊളിച്ച് കവര്‍ച്ച.അന്തര്‍ സംസ്ഥാന മോഷ്ടാവ്മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

Crime Local News

മലപ്പുറം: നിലമ്പൂര്‍ കുളക്കണ്ടം സ്വദേശിനി വടവുങ്കര സൂസമ്മ മത്തായിയുടെ വീടിന്റെ വാതില്‍ വെട്ടിപൊളിച്ച് കവര്‍ച്ച നടത്തിയ നിരവധി മോഷണ കേസ്സിലെ പ്രതിയായ പാലക്കാട് പറളി എടത്തറ സ്വദേശി രമേശ് എന്ന ഉടുമ്പു രമേശനെ(36)യാണ് നിലമ്പൂര്‍ പോലീസും ഡാന്‍സാഫ് ടീമും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ചിനാണു കേസ്സിനാസ്പദമായ സംഭവം നടന്നത്. കുളക്കണ്ടം ക്ഷീരോല്‍പാദക സംഘത്തിന്റെ പ്രസിഡന്റായ സൂസമ്മ വൈകീട്ട് അഞ്ചിന് വീടുപൂട്ടി സംഘത്തിലേക്ക് പോയതായിരുന്നു. ഏഴു മണിയോടെ തിരിച്ചു വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം നിലമ്പൂര്‍ ഡി.വൈ.എസ്.പി സാജു.കെ.അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

പകല്‍ സമയങ്ങളില്‍ പരിസരം നിരീക്ഷിച്ച് ആളില്ലാത്ത വീട്ടില്‍ കയറി മോഷ്ടിക്കുന്നതാണ് രമേശിന്റെ രീതി. കളവു കേസ്സില്‍ ശിക്ഷിക്കപ്പെട്ട് 5 വര്‍ഷത്തെ ജയില്‍വാസമനുഭവിച്ച് കഴിഞ്ഞ മാസം 28നാണ് പ്രതി ജയില്‍ മോചിതനായത്. സൂസമ്മയുടെ വീട്ടില്‍ ആളില്ലെന്നു മനസ്സിലാക്കിയ പ്രതി വീടിന്റെ പുറകുവശത്ത് കോണി ചാരി രണ്ടാം നിലയില്‍ കയറി വാതില്‍ കോടാലി ഉപയോഗിച്ച് വെട്ടിപൊളിച്ചാണ് അകത്തു കയറിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന മുക്കാല്‍ പവന്‍ തൂക്കം വരുന്ന 4 വളകളും 70000 രൂപയും പ്രതി കവര്‍ന്നെടുത്തു. സി.സി.ടി.വിയുടെ കണക്ഷനുകള്‍ ഊരിയിട്ട് തെളിവു നശിപ്പിക്കാനും പ്രതി ശ്രമിച്ചിരുന്നു. സൂസമ്മ തിരിച്ചു വന്നതറിഞ്ഞ പ്രതി രണ്ടാം നിലയില്‍ നിന്നും താഴേക്ക് എടുത്തു ചാടി രക്ഷപ്പെടുകയായിരുന്നു.

ഇതേ ദിവസം രാവിലെ രാവിലെ നിലമ്പൂര്‍ മില്‍മ ചില്ലിംങ് പ്ലാന്റിനു സമീപമുള്ള ആളില്ലാത്ത മറ്റൊരു വീട്ടിലും രമേശ് മോഷണ ശ്രമം നടത്തിയിരുന്നു. ഇവിടെ നിന്നും ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് സി.സി.ടി.വിയുടെ ഡി.വി.ആര്‍ ഉം എടുത്താണ് പ്രതി രക്ഷപ്പെട്ടത്. കേരളത്തിലും കര്‍ണ്ണാടകയിലുമായി ഇരുപതോളം മോഷണ കേസ്സിലെ പ്രതിയാണ് രമേശ്. പ്രതി താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണാഭരണങ്ങളും പണവും കണ്ടെടുത്തു. പ്രതിയെ മോഷണം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതി പ്രതി പോലീസിന് കാണിച്ചുകൊടുത്തു. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍പുളിക്കല്‍,എസ്.ഐഅമീറലി.വി, എസ്.സി.പി.ഒ സുധീര്‍.ഇ.എന്‍, സജീഷ്.ടി, ഡാന്‍സാഫ് അംഗങ്ങളായ സുനില്‍.എന്‍.പി, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.