മലപ്പുറം വഴക്കടവില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിലെ യാഥാര്‍ഥ്യം ഇങ്ങിനെ..

Crime Local News

മലപ്പുറം: മലപ്പുറം വഴക്കടവില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിലെ യാഥാര്‍ഥ്യം ഞെട്ടിക്കുന്നതാണ്.
മരുമകന്റെ കുത്തേറ്റ് ഭാര്യ പിതാവായ മലപ്പുറം വഴിക്കടവ് മരുത മദ്ദളപ്പാറ ആനടിയില്‍ പ്രഭാകാരന്‍ (76) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്നു പ്രതിയായ പ്രഭാകരന്റെ മരുമകന്‍ ചാത്തോലി മനോജിനെ വഴിക്കടവ് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തു.ഭാര്യയെയും മക്കളേയും പിരിഞ്ഞ് കഴിഞ്ഞിരുന്ന പ്രതിയായ വഴിക്കടവ് വള്ളിക്കാട് സ്വദേശി 46കാരന്‍ ചാത്തോലി മനോജ്, തന്റെ ഭാര്യപിതാവായ ആനടിയില്‍ പ്രഭാകരനെ കണാനായി കഴിഞ്ഞ അഞ്ചിന് മരുത മദ്ദളപ്പാറയിലെ വീട്ടിലത്തി കുടുംബ പ്രശ്‌നം പറഞ്ഞ് തീര്‍ക്കുന്നതിനിടയിലാണ് കുത്തിക്കൊലപ്പെടുത്തിയത്. കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി വഴിക്കടവ് പോലീസില്‍ കീഴടങ്ങി.

പ്രതിയില്‍ നിന്ന് ഭാര്യയെയും മക്കളേയും മാറ്റി നിര്‍ത്തുന്നത് ഭാര്യാപിതാവാണെന്ന പരാതി നേരത്തെ മനോജിനുണ്ടായിരുന്നു. അതിനു ശേഷം പ്രതി പല തവണ മദ്ദളപ്പാറയിലെ വീട്ടിലെത്തി കുടുംബ പ്രശ്‌നം പരിഹരിച്ച് തരണം എന്നാവശ്യപ്പെടുകയും, ആയത് ഭാര്യപിതാവ് ഒരു മാസത്തിനുള്ളില്‍ പ്രശ്‌ന പരിഹാരം നടത്തി തരാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിക്ക് ഒരു സാവകാശം പറ്റിലെന്നും ഉടനെ പ്രശ്‌ന പരിഹാരം ആവശ്യപ്പെടുകയും, തര്‍ക്കത്തിലാകുകയും തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.പ്രതി കൊലപാതകം നടത്തണമെന്ന ഉദ്ദേശത്തോടുകൂടിയാണ് ഇന്നലെ രാവിലെ എടക്കര ടൗണിലെ ഒരു കടയില്‍നിന്നും കത്തിവാങ്ങിച്ച് നേരത്തെ പ്ലാന്‍ ചെയ്തതു പ്രകാരം ഏകദേശം 10.30 മണിയോടെയാണ് പ്രതി കൊല നടത്തിയതെന്നുള്ളതാണ് പ്രാഥമിക നിഗമനം. പോലീസ് ഇക്കാര്യങ്ങളെല്ലാം ശാസ്ത്രീയ പരിശോധനയിലൂടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രതി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് പറയുന്ന കത്തി വാങ്ങിയ കട പോലീസ് തിരിച്ചെറിഞ്ഞിട്ടുള്ളതും പോലീസ് തെളിവുകള്‍ ശേഖരണം നടത്തിവരുന്നുണ്ട്.
പ്രതി വര്‍ഷങ്ങളായി എടക്കര അങ്ങാടിയില്‍ ടൈലറിംഗ് സ്ഥാപനം നടത്തിവരുന്നയാളായിരുന്നു. ആനടിയില്‍ പ്രഭാകരന്റെ ഇളയ മകളുടെ ഭര്‍ത്താവാണ് പ്രതി. കുറച്ച് നാളുകളായി ഭാര്യയുമായി നല്ല ബന്ധത്തിലായിരുന്നില്ല.

കഴിഞ്ഞ് മാസം ഇവര്‍ തമ്മിലുണ്ടായ കുടുംബ പ്രശ്‌നം വഴിക്കടവ് പോലീസ് ഒത്തു തീര്‍പ്പാക്കുകയും ഇവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചിട്ടുള്ളതാണ്. ആയതിന് ശേഷവും മനോജും ഭാര്യയും പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുട്ടികളെ കാണാനെത്തുമ്പോള്‍ ഭാര്യാപിതാവ് കുട്ടികളെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് കുടുംബവുമായി പലതവണ മനോജ് വഴക്കിട്ടിരുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ഭാര്യയെയും മക്കളേയും മാറ്റി നിര്‍ത്തുന്നത് ഭാര്യാപിതാവാണെന്ന് പ്രതി സംശയിച്ചതാവാം അക്രമത്തിന് കാരണമെന്ന് പരിസരവാസികള്‍ പറയുന്നു.തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി സന്തോഷിന്റെ മേല്‍ നോട്ടത്തില്‍ വഴിക്കടവ് ഇന്‍സ്‌പെകടര്‍ മനോജ് പറയറ്റ സംഭവസ്ഥലെത്ത് വെച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തികരിച്ചു. സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികളില്ലാത്തതിനാല്‍ കൃത്യം നടന്ന ഇടങ്ങളില്‍ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയിട്ടുള്ളതും ഫിംഗര്‍ പ്രിന്റും ഫോറന്‍സിക് ടീമുകളും സംഭവസ്ഥലെതെത്തി ശാസ്ത്രീയ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുള്ളതാണ്. പ്രഭാകരന്റെ ശരീരത്തില്‍ ആറ് കുത്തുകളേറ്റതായാണ് പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപ്രതിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
കൂടുതല്‍ അന്വേഷണത്തിനായി നിലമ്പൂര്‍ ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്റെ നേത്യത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ രൂപികരിച്ചിട്ടുണ്ട്. എസ് ഐ മാരായ വേണു ഒ.കെ, മനോജ്, സതീഷ്, എ എസ് ഐമാരായ റെനി, ബിന്ദുമാത്യു, പോലീസുകാരായ നികേഷ്, എല്‍ദോസ്, അന്‍വര്‍, പ്രദീപ് ഈ ജി, ബിജു കെ.പി, റാഫി, വിനീഷ്, ജോബിനി, പ്രസാദ്, സനൂഷ് നിഖില്‍, എന്നിവരും ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും തെളിവെടുപ്പിനുമായി അന്വേഷണ സംഘത്തിലുണ്ടായിരുന്നു…