കരിപ്പൂരിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി. സ്വർണ്ണം കടത്തിയത് നാല് ക്യാപ്സൂളുകളിലായി

Crime Local News

മലപ്പുറം : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3606ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും 20,90,000 രൂപക്ക് തുല്യമായ വിദേശ കറൻസിയും കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി.
ഇന്നലെ രാത്രി കോഴിക്കോട് നിന്നും സ്‌പൈസ് ജെറ്റ് എയർലൈൻസ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മൽ ഫാഹിൽ (25) ബാഗിനുള്ളിൽ ഒളിപ്പിച്ചു മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാൻ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാലും, ഇന്ന് പുലർച്ചെ ബഹറിനിൽ നിന്നും ഗൾഫ് എയർ വിമാനത്തിൽ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയകൽപള്ളി മുഹമ്മദ് സൈബിനിൽ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 4 ക്യാപ്സൂളുകളും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയിൽ നിന്നും 535ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ 2 ക്യാപ്സൂളുകളും ആണ് കസ്റ്റംസ് പിടികൂടിയത്. സ്വർണമിശ്രിതമടങ്ങിയ ക്യാപ്സൂളുകൾ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ആണ് ഇരുവരും ശ്രമിച്ചത്. മുഹമ്മദ് സൈബിന് 60,000 രൂപയും വിമാന ടിക്കറ്റും, ഫവാസിന് 30,000 രൂപയുമാണ് പ്രതിഫലമായി കള്ളക്കടത്ത് സംഘം വാഗ്ദാനം നൽകിയിരുന്നത്.
അസിസ്റ്റന്റ് കമ്മിഷണർമാരായ ഗോപകുമാർ. ഇ. കെ പ്രവീൺകുമാർ കെ. കെ. സൂപ്രണ്ടുമാരായ പ്രകാശ് ഉണ്ണികൃഷ്ണൻ, കുഞ്ഞുമോൻ, വിക്രമാദിത്യ കുമാർ ഇൻസ്‌പെക്ടർമാരായ സന്ദീപ് കിള്ളി, ഇ .രവികുമാർ , ധന്യ കെ. പി. നിക്സൺ കെ. എ, സച്ചിദാനന്ദ പ്രസാദ് ഹെഡ് ഹവൽദാർ ഇ. ടി. സുരേന്ദ്രൻ എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.
ഇതു കൂടാതെ ഓഗസ്റ്റ് 23 നു പുലർച്ചെ എയർ ഇന്ത്യ എക്സ്പ്രെസ്സ് ഇൽ അബുദാബിയിൽ നിന്നും എത്തിച്ചേർന്ന കണ്ണൂർ ജില്ലയിലെ കിട്ടാഞ്ചിയിലെ കുന്നോത്ത് വീട്ടിൽ മുഹമ്മദ്‌ ഹനീഫ (33), കോഴിക്കോട് ജില്ലയിലെ കായ്ക്കോടിയിൽ ഉള്ള കൂട്ടൂർ വീട്ടിൽ കുഞഹമ്മദ് കൂട്ടൂർ (53) എന്നിവരെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തതിലൂടെ ശരീരഭാഗങ്ങളിൽ ഒളിച്ചു കടത്താൻ ശ്രമിച്ച യഥാക്രമം 1119 ഗ്രാം തൂക്കം ഉള്ള 4 ക്യാപ്സൂൾ , 837 ഗ്രാം തൂക്കം ഉള്ള 3 കാപ്സൂൾ എന്നിങ്ങനെ രൂപത്തിലുള്ള സ്വർണമിശ്രിതം കസ്റ്റoസ് കണ്ടെത്തി പിടികൂടി. സ്വർണം വേർതിരിചെടുക്കുന്ന പ്രവർത്തികളും വിശദമായ തുടര്ന്വേഷണവും കസ്റ്റoസ് ആരംഭിച്ചു.