തിരൂരിലെ കടവരാന്തയില്‍കൊലക്കേസ് പ്രതികൊല്ലപ്പെട്ട നിലയില്‍.മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചു

Crime Local News

തിരൂര്‍ : തിരൂരിലെ കടവരാന്തയില്‍
കൊലക്കേസ് പ്രതി
കൊല്ലപ്പെട്ട നിലയില്‍.
മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്.
ബസ് സ്റ്റാന്‍ഡ് പരിസരത്തെ കെട്ടിടത്തിന്റെ വരാന്തയില്‍ ഇന്ന് രാവിലെ ആറരയോടെയാണ് ആദമിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ചുറ്റും രക്തം തളം കെട്ടി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയില്‍ കല്ല് കൊണ്ടിടിച്ചുണ്ടായ ചതവുണ്ട്. പൊലീസെത്തി മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിലുള്‍പ്പടെ ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ആദം. അടുത്തിടെ തിരൂരില്‍ ബിവറേജ് പരിസരത്ത് മദ്യ വാങ്ങാനെത്തിയയാളെ ആക്രമിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. തീരദേശമേഖലയിലെ സ്ഥിരം കുറ്റവാളിയായിരുന്നു ആദം. ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രക്കാരാണ് ഇയാളെ ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. തലക്ക് സമീപം വലിയ ചെങ്കല്ല് ഉണ്ടായിരുന്നു. ഇതുപയോഗിച്ച് തലക്കിടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. പൊലീസെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. നഗരത്തില്‍ അലഞ്ഞു തിരിഞ്ഞ് നന്നിരുന്ന ആദം മദ്യലഹരിയില്‍ യാത്രക്കാരുമായും മറ്റും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നഗരത്തിലെ കെട്ടിടങ്ങളിലെ വരാന്തകളിലായിരുന്നു രാത്രി താമസം. 2016ലാണ് ആദം പറവണ്ണയില്‍ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയത്. ട്രിപ്പ് വിളിച്ചപ്പോള്‍ യാത്രക്ക് വിസമ്മതിച്ചതിന് മുഹമ്മദ് യാസീന്‍ എന്ന ഓട്ടോഡ്രൈവറെ ആദമും സഹോദരനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ യാസീന്റെ ഓട്ടോ തകര്‍ക്കുകയും ചെയ്തിരുന്നു. വീട്ടുകാര്‍ക്ക് പോലും സൈ്വരം നല്‍കാത്ത സ്ഥിരം കുറ്റവാളിയായിരുന്നു ആദം. അടുത്തിടെ ശല്യം സഹിക്കാതെ മാതാവ് വരെ പൊലീസിനെ സമീപിക്കുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമുണ്ടായി. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയതായിരുന്നു. തിരൂര്‍ ഡിവൈ.എസ്.പി കെ.എം ബിജു, സി.ഐ എം.ജെ ജിജോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. ബസ് സ്റ്റാന്‍ഡ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് വരികയാണ്. മദ്യപ സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക സൂചന