യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിയെ അറസ്റ് ചെയ്തു

Crime Local News

നിലമ്പൂര്‍ : യുവതിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയില്‍ സഹകരണ സംഘം സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് ടാണ നാശേരില്‍ മനീഷിനെ (46) യാണ് നിലമ്പൂര്‍ ഡി വൈ എസ് പി സാജു കെ. അബ്രഹാം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മൂന്നിനു പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍കിയത്. സംഭവം അഞ്ചിനു സഹകരണ സംഘം ഭാരവാഹികളെ അറിയിച്ചിരുന്നു. സെക്രട്ടറിക്കെതിരെ നടപടിയെടുക്കാമെന്ന് സഹകരണ സംഘം അധികൃതര്‍ ഉറപ്പു നല്‍കിയതായാണ് യുവതി പറഞ്ഞത്. കഴിഞ്ഞ 12ന് നിലമ്പൂര്‍ ഡി.വൈ.എസ്.പിക്ക് യുവതി പരാതി നല്‍കി. തിങ്കളാഴ്ച രാത്രിയോടെ മനീഷിനെ അറസ്റ്റ് ചെയ്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിന് ശേഷം മജിസ്‌ട്രേട്ട് മുമ്പാകെ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.