30 ലക്ഷം രൂപയുടെ സ്വര്‍ണം ജീന്‍സില്‍ തേച്ചുപിടിപ്പിച്ചു. 36കാരന്‍ കരിപ്പൂരില്‍ പിടിയില്‍

Crime Keralam Local News

കരിപ്പൂർ : കരിപ്പൂരിൽ അര കിലോഗ്രാമോളം സ്വർണം കസ്റ്റംസ് പിടികൂടി. കരിപ്പൂരിൽ സ്വർണകള്ളക്കടത്തിൻ്റെ വ്യത്യസ്ത രീതികൾ തുടരുന്നു. ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം മുപ്പതു ലക്ഷം രൂപ വില മതിക്കുന്ന അര കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി .
എയർഇൻഡ്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ഷാർജയിൽനിന്നും വന്ന കോഴിക്കോട് കാരന്തൂർ സ്വദേശിയായ കലങ്ങോടു കുന്നുമ്മൽ സനൂബിനെ (36 ) കസ്റ്റംസ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോൾ സനൂബ് ധരിച്ചിരുന്ന ജീൻസിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചിട്ടുണ്ടെന്നു കണ്ടെത്തി. സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ച 1038 ഗ്രാം തൂക്കമുള്ള ജീൻസാണ് സനൂബിൽനിന്നും ഉദ്യോഗസ്ഥർ പിടികൂടിയത്. സനൂബിനു 15000 രൂപയാണ് കള്ളക്കടത്തുസംഘം പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് . പിടികൂടിയ ജീൻസിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം മറ്റു തുടർ നടപടികൾ സ്വീകരിക്കുന്നതാണ്