യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊല്ലാന്‍ ശ്രമം.ഗുരുതര പരിക്ക്.ഒരാള്‍ അറസ്റ്റില്‍

Crime News

മലപ്പുറം: വെളിയങ്കോട് ചങ്ങാടം റോഡില്‍ ആയുധങ്ങളുമായി സംഘടിച്ചെത്തിയ അക്രമി സംഘം വീട്ടില്‍ അതിക്രമിച്ചു കയറി യുവാവിനെ കത്തി കൊണ്ട് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിച്ചു. വെളിയങ്കോട് പുന്നപ്പയില്‍ ആസിഫിന് (33)നേരെയാണ് വധശ്രമമുണ്ടായത്. വയറിനകത്തും, വലതുകൈക്ക് വെട്ടുമേറ്റ ആസിഫ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. 48 സ്റ്റിച്ചിട്ടാണ് വയറിലെ മുറിവ് തുന്നിക്കെട്ടിയത്. സംഭവം തടയാന്‍ശ്രമിച്ച ആസിഫിന്റെ മാതാവ് ഖദീജ (53), പിതാവ് ഹംസ (58), സഹോദരന്‍ ഹാരിസ് (29) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല.തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവമുണ്ടായത്.വീട്ടിലെത്തിയ സംഘം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും, ആസിഫിന്റെ വയറിന് കത്തികൊണ്ട് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആസിഫിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിലെത്തിയ അക്രമിസംഘം ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവത്തില്‍ പ്രതിയായ വെളിയങ്കോട് ബീവിപ്പടി ചക്കരമാക്കയില്‍റോഡ് വടക്കേപുതുവീട്ടില്‍ ജംഷീര്‍ (33) നെ പോലീസ് പിടികൂടി.ആസിഫിന്റെ സഹോദരനുമായി ജംഷീറും സംഘവും ഞായറാഴ്ച വെളിയങ്കോട് നടന്ന ഒരു വിവാഹ ചടങ്ങില്‍വെച്ച് വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് ജംഷീറും സംഘവും വാഹനത്തിലെത്തി വീട് കയറി ആക്രമണം നടത്തിയത്. സംഭവസ്ഥലത്തുനിന്നു പോലീസ് ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. അക്രമികളെത്തിയ വാഹനം രോഷാകുലരായ നാട്ടുകാര്‍ അടിച്ചുതകര്‍ത്തു. നിരോധിത പുകയില ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നവരില്‍ പ്രധാനകണ്ണിയാണ് ജംഷീറെന്ന് പോലീസ് പറഞ്ഞു. കൊലപാതശ്രമം, അപായകരമായ ആയുധങ്ങള്‍ ഉപയോഗിച്ചു കഠിനമായ ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരം പൊന്നാനി പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയായ ജംഷീറിനെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതായും പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂര്‍ പറഞ്ഞു