കുനിയില്‍ ഇരട്ടക്കൊലയിൽ വിധി വന്നെങ്കിലും അത്തീഖ് റഹ്മാന്‍ കൊലക്കേസ് ഇഴയുന്നു

Crime Local News

മഞ്ചേരി: കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ 12 പ്രതികള്‍ക്ക് ഇന്നലെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും ഈ കേസിലേക്ക് നയിച്ച അരീക്കോട് കുനിയില്‍ അത്തീഖ് റഹ്മാന്‍ വധക്കേസിലെ വിചാരണ നടപടികള്‍ വൈകിയേക്കും. നിലവിലെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ടി.എച്ച്.രജിത സ്ഥലം മാറി പോകുന്നതാണ് കാരണം. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി സതീഷ് കുമാര്‍ ജനറല്‍ ട്രാന്‍സ്ഫറില്‍ മഞ്ചേരി കോടതിയില്‍ അടുത്ത മാസം ചുമതല ഏല്‍ക്കുമെങ്കിലും കേസ് ഷെഡ്യൂള്‍ ചെയ്യുന്നത് വൈകുമെന്നാണ് സൂചന. 2012 ജനുവരി 5നാണ് കുനിയില്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെടുന്നത്. ഫുട്‌ബോള്‍ ടൂര്‍ണമെന്റു നടത്തിപ്പുമായ ബന്ധപ്പെട്ട നിസാര തര്‍ക്കമാണ് അത്തീഖ് റഹ്മാനെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്. കൊലപാതക സംഘത്തിലെ പ്രധാനികളായിരുന്നു പിന്നീട് കൊല്ലപ്പെട്ട കൊളക്കാടന്‍ അബൂബക്കറും സഹോദരന്‍ ആസാദും. ഇവര്‍ക്കു പുറമെ കൊളക്കാടന്‍ ഗുലാം ഹുസൈന്‍, കൊളക്കാടന്‍ നാസര്‍, ഗുലാം പാഷ, കുറ്റൂളി ഉള്ളാടന്‍ ഫൈസീര്‍ എന്നിവരും പ്രതികളായിരുന്നു. 2012ല്‍ മഞ്ചേരി സി.ഐ ദേവദാസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ സ്ഥലം മാറിപ്പോയി. ഇതോടെ വിചാരണ നടപടികള്‍ വൈകി. 2015ല്‍ കൊല്ലപ്പെട്ട അതീഖിന്റെ ഭാര്യ റുബീന്‍, സഹോദരന്‍ ഷറഫുദ്ധീന്‍ എന്നിവര്‍ മൂന്ന് തവണ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് 2015ല്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കുറ്റപത്രം സമര്‍പ്പിച്ചത്. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തലശ്ശേരി സ്വദേശിയായ അഡ്വ.പി.സി.നൗഷാദിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഈ കേസില്‍ സര്‍ക്കാര്‍ നിയമിച്ചു. തുടര്‍ന്നാണ് കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങിയത്. ഇനി സാക്ഷികളെ വിസ്തരിക്കാനുണ്ട്. കുനിയില്‍ ഇരട്ടക്കൊലക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചെങ്കിലും ഇതിലേക്ക് നയിച്ച അതീഖ് റഹ്മാന്‍ വധക്കേസിന്റെ വിചാരണ നടപടികള്‍ ഇഴയുകയാണ്. ഇതിന് പിന്നില്‍ പ്രതികളുടെ രാഷ്ട്രീയ സ്വാധീനമാണെന്ന ആക്ഷേപവും വ്യാപകമാണ്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി