അനധികൃത മരംമുറിക്കൽ; ഒത്താശ ചെയ്തത് റവന്യൂ ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ട്

Crime Keralam News

അനധികൃത മരംമുറിക്കലിനു റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ സഹായം ചെയ്തതായി റിപ്പോർട്ട്. ഈ വിഷയത്തിൽ വനം വകുപ്പ് സർക്കാരിന് കൈമാറിയ റിപ്പോർട്ടിലാണ് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാക്കുന്നത്. തഹസില്‍ദാര്‍ മുതൽ വില്ലേജ് ഓഫിസര്‍ വരെയുള്ളവർ മരംകൊള്ളയ്ക്ക് ഒത്താശ ചെയ്തതിന്റെ കണക്കുകളടക്കം കാണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

വനം വകുപ്പ് വിജിലന്‍സ് വിഭാഗം മേധാവി ഗംഗാ സിംഗിന്റെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. മരം മുറിക്കുന്നതിനുള്ള ഉത്തരവും അനുമതിയും നൽകിയത് റവന്യുവകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ റിപ്പോർട്ടിൽ വനംവകുപ്പിന്റെ വീഴ്ചയെ കുറിച്ച് പ്രതിപാദിക്കുന്നേയില്ല.

ഉപാധികൾ വെച്ച് നൽകിയ പട്ടയഭൂമിയിലെ റിസര്‍വ് ചെയ്തിരുന്ന മരങ്ങൾ മുറിക്കുന്നതിനായി റവന്യുവകുപ്പിലെ ഉദ്യോഗസ്ഥർ സഹായങ്ങൾ ചെയ്തുവെന്നും ആരോപിക്കുന്നുണ്ട്. മുട്ടിൽ സൗത്തിലെ വില്ലേജ് ഓഫിസറാണ് അവിടത്തെ മരം മുറിച്ചതിന്റെ ഉത്തരവാദി. വയനാട്ടിലെ പട്ടയഭൂമിയിൽ നിന്നും ഈട്ടിയും മറ്റുള്ള ജില്ലകളിൽ നിന്ന് തെക്കുമാണ് മുറിച്ചു കടത്തിയതെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.