തൃശ്ശൂരിൽ നിന്നും വൻ തോതിൽ ഹാപ്പിനെസ് പില്‍സ് പിടിച്ചെടുത്തു

Crime Keralam News

പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന ഹാപ്പിനെസ് പില്‍സ് എന്നറിയപ്പെടുന്ന നിരോധിത മയക്കുമരുന്നുകൾ തൃശ്ശൂര്‍ സിറ്റിയിലെ ഷാഡോ പൊലീസ് പിടിച്ചെടുത്തു. ടാറ്റൂ അടിക്കുന്ന ഷോപ്പുകളിൽ വലിയ രീതിയിൽ ലഹരികൾ വിൽപ്പന നടത്തുന്നുണ്ടെന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

പരിശോധിച്ച സ്ഥലത്ത് നിന്നും ലക്ഷങ്ങൾ വിലയുള്ള 50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റിലുള്ള മയക്കുമരുന്നുകളുമായി മാടക്കത്തറയിൽ വെള്ളാനിക്കര സ്വദേശി മൂലേക്കാട്ടില്‍ വൈഷ്ണവിനെ പോലീസ് അറസ്റ് ചെയ്തു. മറ്റു സംസ്ഥാങ്ങളിൽ നിന്നും മലയാളികള്‍ വഴിയാണ് വൈഷ്ണവിന് ഇവ കിട്ടുന്നതെന്നാണ് വിവരം. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ ഐപിഎസിന്‍റെ നിര്‍ദ്ദേശമനുസരിച്ചാണ് റെയ്ഡ് നടത്തിയത്.

പാർട്ടികളിലും മറ്റും വരുന്ന പെൺകുട്ടികൾക്ക് മദ്യത്തിലോ ജ്യൂസിലോ മറ്റു പാനീയങ്ങളിലോ അവരറിയാതെ കലർത്തി കൊടുക്കുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് ഹാപ്പിനെസ് പില്‍സ്. ഇതിനു ശേഷം പെൺകുട്ടികളെ അവരുപോലുമറിയാതെ ലൈംഗികമായി ഉപദ്രവിക്കുകയാണ് ചെയ്യുക. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്തലിൻ ഡയോക്‌സിൻ മെത്താഫെറ്റാമിൻ എന്ന ഈ മരുന്നിനെ പാര്‍ട്ടി ഡ്രഗ് എന്നും പറയാറുണ്ട്. കേരളത്തിൽ ആദ്യമായാണ് ഇത്രയും അധികം ഈ സിന്തറ്റിക്മയക്കുമരുന്നുകൾ പിടിച്ചെടുക്കുന്നത്.

ചിലയിടങ്ങളിൽ കല്ല് പൊടി, കല്‍ക്കണ്ടം, മെത്ത് എന്നീ പേരുകളിലും ഈ മരുന്ന് വിൽക്കാറുണ്ട്. പാനീയങ്ങളിൽ കലർത്തുന്നതിനു പകരം ഇന്‍ജക്ഷനായും വായിലൂടെയും മൂക്കിലൂടെയും നേരിട്ടും ഇത് ഉപയോഗിക്കാറുണ്ട്. ശരീരത്തിലെത്തി അര മണിക്കൂറിനകം നാഡിവ്യൂഹത്തെ തളർത്തതാണ് കഴിയുന്ന മാരകമായ മരുന്നാണിത്. തുടച്ചയായി ഉപയോഗിച്ചാൽ വൃക്കയ്ക്കും ഹൃദയത്തിനും തകരാറുകൾ സംഭവിക്കും.