നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വെള്ളക്ഷാമം; വാട്‌സാപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നതില്‍ പോലീസിന് പരാതി

Breaking Local News

നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ ജല ക്ഷാമം വാര്‍ത്തയായതിനുപിന്നാലെ ജാഗ്രതപാലിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നല്‍കിയ വാട്‌സാപ്പ് സന്ദേശം ചോര്‍ന്നതില്‍ അന്വേഷണമാവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് ജലക്ഷാമംകൊണ്ട് രോഗികള്‍ ഡിസ്ചാര്‍ജ് വാങ്ങി പോകുന്ന ഘട്ടത്തിലും പ്രശ്‌ന പരിഹാരം കാണാതെ വാര്‍ത്തയുടെ ഉറവിടം തേടി പരാതിയുമായി സൂപ്രണ്ട് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ആശുപത്രിയിലെ രണ്ട് കിണറുകളും വറ്റിയതായിരുന്നു പ്രതിസന്ധി. 142 കിടക്കകളുള്ള ആശുപത്രിയില്‍ അതിന്റെ ഇരട്ടിയിലേറെപ്പേരെയാണ് കിടത്തി ചികിത്സിച്ചിരുന്നത്. നിലമ്പൂര്‍ താലൂക്കിലെ ആദിവാസികളടക്കമുള്ളവരുടെയും സാധാരണക്കാരുടെയും ആശ്രയ കേന്ദ്രമാണ് ജില്ലാ ആശുപത്രി. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍ താലൂക്കില്‍ നിന്നുവരെ രോഗികള്‍ ചികിത്സക്കെത്തുന്നുണ്ട്. പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ വെള്ളമാണ് ആശുപത്രില്‍ ആവശ്യം. കിണറുകള്‍ വറ്റിയതോടെ ജലസേചനവകുപ്പിന്റെ കുടിവെള്ള വിതരണവും തികയാതെയായി. ടാങ്കറില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ഇതും ആവശ്യത്തിന് തികയുന്നില്ല.
പുരുഷന്‍മാരുടെ വാര്‍ഡില്‍ വെള്ളമില്ലാഞ്ഞതോടെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ പടവും വീഡിയോയും എടുത്ത് ആശുപത്രി സൂപ്രണ്ടിനയച്ചു. ആശുപത്രിയില്‍ അതിക്രമിച്ചുകയറിയതിന് പോലീസില്‍ കേസ് കൊടുക്കുമെന്ന് സൂപ്രണ്ട് വിരട്ടി. ഇതിനു പിന്നാലെ വാര്‍ഡിലെ ഒഴിഞ്ഞ ടാപ്പ് സഹിതം വാര്‍ത്തയും വന്നു. ഇതോടെയാണ് ആശുപത്രിയില്‍ വെള്ളമില്ലെന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കാന്‍ സാമൂഹിക വിരുദ്ധര്‍ ഇറങ്ങിപുറപ്പെട്ടിട്ടുണ്ടെന്നും പകലും രാത്രിയിലും പ്രത്യേകം സുരക്ഷാ ജീവനക്കാരനെ നിയോഗിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ആശുപത്രി സൂപ്രണ്ട് ജീവനക്കാരുടെ ഗ്രൂപ്പില്‍ ശബ്ദസന്ദേശമിട്ടത്. ഈ സന്ദേശം പുറത്താവുകയായിരുന്നു. ഇതോടെയാണ് ഔദ്യോഗിക ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നതും വാര്‍ത്തയായതും അന്വേഷിക്കാന്‍ സൂപ്രണ്ടുതന്നെ പരാതി നല്‍കിയത്. വെള്ളക്ഷാമം ഉണ്ടെങ്കിലും അതെല്ലാം പരിഹരിച്ചെന്നും ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്നും സൂപ്രണ്ടിന്റെ ചുമതലയുള്ള ഡോ. ഷിനാസ്ബാബു പറഞ്ഞു. ഔദ്യോഗിക ഗ്രൂപ്പിലെ ശബ്ദ സന്ദേശം ചോര്‍ന്നതിലടക്കം സൈബര്‍ സെല്‍ അന്വേഷണമാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയതായും സൂപ്രണ്ട് പറഞ്ഞു.
അതേസമയം വെള്ളക്ഷാമം പരിഹരിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. 40,000 ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള സംഭരണിയാണ് ആശുപത്രിയിലുള്ളത്. 5000 ലിറ്റര്‍ വീതം ദിവസം എട്ട് തവണയാണ് ലോറിയിലടിക്കുന്നത്. രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം ആവശ്യമുള്ളിടത്ത് 40,000 ലിറ്റര്‍ വെള്ളം മാത്രമാണ് ലഭിക്കുന്നത്. വെള്ള ക്ഷാമം രൂക്ഷമായതോടെ രോഗികള്‍ കൂട്ടത്തോടെ ഡിസ്ചാര്‍ജ് ചെയ്ത് പോവുകയാണ്. പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിലും നിയന്ത്രണമുണ്ട്. കൂടുതല്‍ രോഗികളെത്തുന്ന മലയോര മേഖലയിലെ സാധാരണക്കാരുടെ ആശ്രയമായ നിലമ്പൂര്‍ ജില്ലാ ആശുപത്രിക്ക് സ്ഥിരം സൂപ്രണ്ടില്ലാത്തതാണ് വലിയ പ്രതിസന്ധി. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കിയതടക്കം ഒട്ടേറെ വിവാദങ്ങളാണ് ആശുപത്രിയിലുണ്ടായത്. യുവജന സംഘടനകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.