പുല്ലാരയില്‍ ബസ്സിനു പിറകില്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്ക്

Breaking Local News

മഞ്ചേരി: പുല്ലാര മൂച്ചിക്കലില്‍ സ്വകാര്യ ബസ്സിനു പിറകില്‍ മറ്റൊരു ബസ്സിടിച്ച് വിദ്യാര്‍ത്ഥികളടക്കം 20 പേര്‍ക്ക് പരിക്കേറ്റു. പുല്‍പറ്റ ഫാത്തിമ സുഫ്‌ന (17), മരത്താണി അഫ്താഹ് (18), വട്ടപ്പാറ ശ്രീലക്ഷ്മി (18), വീമ്പൂര്‍ ഫാത്തിമ റിന്‍ഷ (17), ഫാത്തിമ ഫിദ, തിരുവാലി ആദിത്യ (21), പന്തല്ലൂര്‍ കടമ്പോട് ദാവൂദ് ഹക്കീം (39), മകന്‍ മുഹമ്മദ് അജ്മല്‍ (ഏഴ്), മഞ്ചേരി ചെറാക്കര റോഡില്‍ മനു പ്രദാപ് (24), ആതിര (24), ഷഹനാസ് (16), ലത, റിഷാദ്, നദ (17) എന്നിവരടക്കം 20 പേര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ 8.45 ന് മൂച്ചിക്കല്‍ പള്ളിക്ക് സമീപമാണ് അപകടം. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസുകളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ഒരു ബസിന്റെ പിന്നില്‍ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. രാവിലെ സമയമായതിനാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നിറയെ യാത്രക്കാരാണ് ഇരു ബസുകളിലും ഉണ്ടായിരുന്നത്. കൂട്ടിയിടിച്ചതോടെ ബസിനകത്ത് വീണും കമ്പിയില്‍ തലയിടിച്ചുമാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂച്ചിക്കലില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവനിങ് കഫേയും ബസുകള്‍ ഇടിച്ച് തകര്‍ത്തു. കോഴിക്കോട് റോഡില്‍ ബസുകളുടെ അമിത വേഗത അപകടത്തിനിടയാക്കുന്നുണ്ട്. ഇക്കഴിഞ്ഞ ഒമ്പതിന് വീമ്പൂര്‍ മുട്ടിപ്പടിയിലും സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്കേറ്റിരുന്നു.

റിപ്പോർട്ട്: ബഷീർ കല്ലായി