മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Breaking Keralam Local

മലപ്പുറം: കനത്ത മഴയും കടലാക്രമണവും തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ (വ്യാഴം) അവധി പ്രഖ്യാപിച്ചു. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍ എന്നിവ മുന്‍നിശ്ചയപ്രകാരം മാറ്റമില്ലാതെ നടക്കും. അങ്കണവാടികള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്

രണ്ട് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ പൊന്നാനി താലൂക്കില്‍ വലിയ നാശനഷ്ടം. കടലാക്രമണത്തില്‍ നിരവധി വീടുകള്‍ കടല്‍ കവര്‍ന്നു.പെരുമ്പടപ്പില്‍ ഒരു വീട് പൂര്‍ണമായും, എടപ്പാളില്‍ രണ്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച കടലാക്രമണത്തില്‍ നാശനഷ്ടങ്ങള്‍ വര്‍ധിക്കുകയാണ്.പൊന്നാനി മുറിഞ്ഞഴില്‍ 13 വീടുകളും, ഹിളര്‍ പള്ളി ഭാഗത്ത് നാല് വീടുകളും ഭാഗികമായി തകര്‍ന്നു.കടല്‍ ഭിത്തിയിലാത്ത മേഖലകളില്‍ സര്‍വ്വനാശം വിതച്ച് കടല്‍ ഇരച്ചുകയറുകയാണ്.

പൊന്നാനി ലൈറ്റ്ഹൗസ് മുതല്‍ കാപ്പിരിക്കാട് വരെയുള്ള മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. കൂടാതെ മീറ്ററുകളോളം കരഭാഗം കടലെടുക്കുകയും, നിരവധി തെങ്ങുകള്‍ കടപുഴകുകയും ചെയ്തു. കടലാക്രമണത്തിനൊപ്പം അതിതീവ്ര മഴയുമായതിനാല്‍ തീരമേഖല അപ്പാടെ വെള്ളത്തില്‍ മുങ്ങി.പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചു. 66 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരു കുടുംബം മാത്രമാണ് ക്യാമ്പിലെത്തിയത്.മാറഞ്ചേരി പുറങ്ങ് ,മാരാമുറ്റം, പൂച്ചാ മം പാലം, പെരുമ്പടപ്പ് അയിരൂര്‍ ഗവര്‍ണര്‍ കോളനി ഉള്‍പ്പെടെയുള്ള 130 ഓളം കുടുംബങ്ങളിലേക്ക് വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്ക് താമസം മാറി.വെളിയങ്കോട് മാട്ടുമ്മല്‍ ദ്വീപ് പ്രദേശത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് ക്യാമ്പ് സജ്ജീകരിക്കാനുള്ള ഒരുക്കത്തിലാണ് റവന്യു വകുപ്പ് അധികൃതര്‍