മലപ്പുറത്ത് കിണറ്റില്‍ വീണ് 30കാരി മരിച്ചു

Breaking Keralam

മഞ്ചേരി: കിണറ്റില്‍ വീണു പരിക്കേറ്റു ചികിത്സയിലായിരുന്നു യുവതി മരിച്ചു. വേട്ടേക്കോട് എളമ്പറമ്പ് ധന്യ വീട്ടില്‍ ജഗദീഷ് ചന്ദ്രബോസിന്റെ മകള്‍ നിഷ (മഞ്ജു- 30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം സംഭവിച്ചത്. എളമ്പറമ്പിലെ വീട്ടുവളപ്പില്‍ തേങ്ങയിടുമ്പോള്‍ കിണറിന്റെ നെറ്റില്‍ കുടുങ്ങിയ തേങ്ങ എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ആള്‍മറ തകര്‍ന്നു നിഷ കിണറ്റില്‍ വീണത്. മകളെ കാണാത്തതിനെ തുടര്‍ന്നു തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ വീണത് ശ്രദ്ധയില്‍പെട്ടത്. മകളെ രക്ഷിക്കാന്‍ കൂടെ ചാടിയ അമ്മ ഉഷക്കും പരിക്കേറ്റിരുന്നു. നിലവിളിച്ചു കൊണ്ടു ഉഷയും 40 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടുകയായിരുന്നു. അഗ്‌നി രക്ഷാ സേനയെത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. ഇരുവരെയും അവശനിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരി: ജിഷ.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി