കസ്റ്റഡി പ്രതികളല്ലാത്തവരുടെ ചികിത്സയ്ക്ക് മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ ബാധകമല്ലെന്ന് ഡോ. കെ. പ്രതിഭ

Breaking Interview Keralam Local News

മലപ്പുറം: കസ്റ്റഡി പ്രതികളുടെ വൈദ്യപരിശോധനയും ചികിത്സയും കൃത്യതയോടെ ചെയ്യുവാന്‍ മാര്‍ഗ്ഗരേഖയായ മെഡിക്കോലീഗല്‍ പ്രോട്ടോകോളിലെ യാതൊരു നിര്‍ദ്ദേശങ്ങളും കസ്റ്റഡി പ്രതികളല്ലാത്തവരുടെ ചികിത്സക്ക് ബാധകമല്ലെന്ന് മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ പുറത്തിറക്കുവാന്‍ വേണ്ടി ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി വിജയം കൈവരിച്ച ഡോ. കെ. പ്രതിഭ.

കൊട്ടാരക്കര ഗവണ്‍മെന്റ് ആശുപത്രിയില്‍ ഉണ്ടായ ദാരുണ സംഭവത്തിന്റെ കാരണക്കാരനായ വ്യക്തിയെ കസ്റ്റഡി പ്രതിയായിട്ടല്ല മറിച്ച് സാധാരണ രോഗിയ്ക്ക് നല്കുന്ന ചികിത്സ നല്കുവാനാണ് പോലീസ് ആശുപത്രിയില്‍ എത്തിച്ചത് എന്നതിനാല്‍ മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ നിര്‍ദ്ദേശങ്ങള്‍ ഇവിടെ ബാധകമാകുന്നില്ല. സാധാരണ രോഗിയ്ക്ക് നല്കുന്ന പരിചരണം നല്കിയ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും വനിതാ ഹൗസ് സര്‍ജനായ ഡോ. വന്ദന ദാസിനെ കുത്തി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ വീഴ്ചകള്‍ മറയ്ക്കുവാന്‍ ചിലര്‍ ബോധപൂര്‍വ്വം മെഡിക്കോലീഗല്‍ പ്രോട്ടോക്കോളില്‍ പിഴവുകള്‍ ഉണ്ടെന്ന് പ്രചരിപ്പിക്കുകയാണ്.
കസ്റ്റഡി പീഢനങ്ങള്‍ കൃത്യമായി കണ്ടെത്തണമെന്നും ആയതു സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് കോടതിയ്ക്ക് കൈമാറണമെന്നുള്ള നിര്‍ദ്ദേശം അടക്കം മെഡിക്കോലീഗല്‍ കോഡിലൂടെ പുറത്ത് വരാതിരിക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടവരാണ് ഡോ. വന്ദന ദാസിന്റെ കൊലപാതകത്തെ മറയാക്കി ചില തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ മെഡിക്കോലീഗല്‍ പ്രോട്ടോക്കോളിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ഇപ്പോള്‍ നടത്തുന്നത്.
കസ്റ്റഡിയില്‍ വച്ച് പ്രതികള്‍ക്ക് മര്‍ദ്ദനമുണ്ടായാല്‍ വൈദ്യപരിശോധനയിലൂടെ ആയത് കൃത്യമായി കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമാണ്. പോലീസ് കസ്റ്റഡിയിലോ, ജുഡീഷ്യല്‍ കസ്റ്റഡിയിലോ പ്രതിയ്ക്ക് ആവിശ്യമായ വൈദ്യ സഹായവും മരുന്നുകളും നല്കണമെന്നത് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശവുമാണ്. കസ്റ്റഡിയിലാകുന്ന പ്രതിയുടെ ആരോഗ്യനില സര്‍ക്കാരും, കോടതിയും നിരീക്ഷിക്കുന്നത് ഡോക്ടര്‍മാരിലൂടെയാണ്.

കസ്റ്റഡി പീഢന സംഭവങ്ങളില്‍ മര്‍ദ്ദനമേറ്റ വിവരം ഡോക്ടറോട് പറയുവാന്‍ പ്രതിയ്ക്ക് സ്വകാര്യത ഉറപ്പുവരുത്തണമെന്നുള്ളതും, പ്രതി രക്ഷപ്പെടാന്‍ കഴിയാത്തവിധം അകലം പാലിച്ച് പോലീസ് നിന്ന് വൈദ്യപരിശോധനാ മാനദണ് ഡങ്ങള്‍ പൂര്‍ത്തിയാക്കണമെന്നുള്ള
മെഡിക്കോലീഗല്‍ കോഡിലെ നിര്‍ദ്ദേശങ്ങള്‍ നിയമപരമാണ്. സുപ്രീം കോടതിയുടേയും, ദേശീയ മനുഷ്യാവകാശ കമ്മിഷന്റേയും നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് ജുഡീഷ്യല്‍ കമ്മിഷന്റേയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചും സംസ്ഥാന ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ മെഡിക്കോലീഗല്‍ പ്രോട്ടോകോള്‍ കസ്റ്റഡി പീഢനങ്ങളും, മര്‍ദ്ദനങ്ങളും തടയുവാന്‍ മുന്‍നിര്‍ത്തിയിട്ടുള്ളതാണ്.

സുപ്രീം കോടതിയും സര്‍ക്കാരും നിര്‍ദ്ദേശിച്ചിട്ടുള്ള കൃത്യമായ വൈദ്യപരിശോധന മാനദണ്ഡങ്ങളേയും പുതുതായി സര്‍ക്കാര്‍ ഇറക്കിയ മെഡിക്കോലീഗല്‍ പ്രോട്ടോക്കോളിനേയും അട്ടിമറിക്കുവാന്‍ ശ്രമങ്ങള്‍ ഉണ്ടായാല്‍ നിയമപരമായി ചെറുക്കുമെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു.
മജിസ്‌ട്രേറ്റിന്റെ മുന്നില്‍ പ്രതിയ്ക്ക് പറയുവാന്‍ കഴിയുന്നതുപോലെ വൈദ്യപരിശോധന നടത്തുന്ന ഡോക്ടര്‍മാരോടും കാര്യങ്ങള്‍ തുറന്ന് പറയുവാന്‍ സാഹചര്യം ഉണ്ടായതിനെ വിമര്‍ശിക്കുന്നത് നിയമവിരുദ്ധമാണ്. കസ്റ്റഡി പീഢനങ്ങള്‍ കണ്ടെത്തുവാനും കസ്റ്റഡി മരണങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതും കടമയാണ്. പ്രതിയെ പരിശോധിക്കുമ്പോള്‍ പോലീസ് മാറിനില്‍ക്കണമെന്ന് പുതിയ പ്രോട്ടോക്കോള്‍ പറയുന്നില്ല. പ്രതിയുടെ സ്വകാര്യത ഉറപ്പാക്കാന്‍ പ്രതി രക്ഷപ്പെടുവാന്‍ കഴിയാത്ത വിധം അകലം പാലിക്കണമെന്നാണ് പ്രോട്ടോക്കോള്‍ പറയുന്നത്. അതല്ലാതെ പ്രതിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പോലീസ് അടുത്ത് നില്ക്കരുതെന്ന് മെഡിക്കോലീഗല്‍ പ്രോട്ടോക്കോളുകള്‍ പറയുന്നില്ല.
വൈദ്യപരിശോധനയില്‍ പോലീസിന്റെ സാന്നിദ്ധ്യം വേണ്ടയെന്ന് ഞാന്‍ ആവിശ്യപ്പെട്ടിട്ടില്ല. പ്രതികളുടെ ശരീരത്തിലെ പരിക്കുകളും കസ്റ്റഡി മര്‍ദ്ദനവും രേഖപ്പെടുത്തരുതെന്ന പോലീസ് സമ്മര്‍ദ്ദം ഉണ്ടാകരുതെന്നാണ് ചീഫ് സെക്രട്ടറിയെ സമീപിച്ച് കത്ത് നല്‍കിയതും, തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചതുമെന്ന് ഡോ. കെ. പ്രതിഭ പറഞ്ഞു.

സി.ആര്‍.പി.സി 54 വകുപ്പ് പ്രകാരമുള്ളതും, ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചുള്ളതുമായ വൈദ്യപരിശോധന കൃത്യമായ സമയങ്ങളില്‍ നടത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത് ഡോ. കെ. പ്രതിഭ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് കെ. നാരായണക്കുറിപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ ഡോ. കെ. പ്രതിഭ വൈദ്യപരിശോധനാ മാനദണ്ഡങ്ങള്‍ക്കായി പോരാടിയതിനെ കമ്മിഷന്‍ എടുത്ത് പറഞ്ഞിരുന്നു. ജസ്റ്റിസ് നാരായണക്കുറിപ്പ് കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വൈദ്യപരിശോധന ശുപാര്‍ശ നടപ്പിലാക്കുവാന്‍ ഹൈക്കോടതി മുഖേന നിയമ പോരാട്ടം നടത്തി അനുകൂല വിധി ഡോ. കെ. പ്രതിഭ സമ്പാദിച്ചിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുതിയ മെഡിക്കോലീഗല്‍ പ്രോട്ടോക്കോള്‍ പുറപ്പെടുവിച്ചത്.
നിലവില്‍ മലപ്പുറം താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ. കെ. പ്രതിഭ.