നാടിനെ നടുക്കിയ കൊലപാതക പരമ്പര: ഇനിയും പിടികൊടുക്കാതെ രണ്ട് പ്രതികൾ.പ്രതികൾക്കായി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

Breaking Crime Keralam News

മലപ്പുറം: മൈസൂർ സ്വദേശി നാട്ടുവൈദ്യൻ ഷാബാ ഷരീഫ് എന്ന അറുപത് വയസ്സുകാരനെ ചികിത്സക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറക്കി തട്ടി കൊണ്ടുവന്ന് മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ ആഡംബര വീട്ടിൽ ഒന്നര വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷം കൊലപ്പെടുത്തി ബോഡി കഷ്ണങ്ങളാക്കി എടവണ്ണ ചാലിയാർ പുഴയിൽ എറിഞ്ഞ കേസ്, മലയാളി വ്യവസായിയെയും കൂടെയുണ്ടായിരുന്ന ചാലക്കുടി സ്വദേശിയായ സ്ത്രീയെയും അബൂദബിയിൽ വെച്ച് കൊലപ്പെടുത്തിയ കേസ് എന്നിവയിൽ പ്രതികളായ നിലമ്പൂർ കൈപ്പഞ്ചേരി ഫാസിൽ, ഷമീം എന്ന പൊരി ഷമീം എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് ഒരു വർഷം ആയിട്ടും പോലീസിൻ്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിയുന്നത്. കേരളം, തമിഴ്നാട്, കർണാടക, ഡൽഹി, ഗോവ, ആന്ധ്രാപ്രദേശ് ഹിമാചൽ പ്രദേശ് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഈ സംസ്ഥാനങ്ങളിൽ എല്ലാം നടത്തിയ അന്വേഷണതിന് ഒടുവിൽ പണത്തിന് വേണ്ടി ആരെയും കൊല്ലാൻ മടിക്കാത്ത 5 പേരടങ്ങുന്ന ഈ കൊലയാളി സംഘത്തിലെ 3 പേരെ എറണാകുളത്തെ ഒളിത്താവളത്തിൽ നിന്നും പോലീസ് സംഘം പിടികൂടുമ്പോൾ ഈ രണ്ട്പേർ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം പോലീസിന് ഇവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

എല്ലാ കൊലപാതകങ്ങളുടെയും മുഖ്യ സൂത്രധാരൻ ഷൈബിൻ അഷ്റഫ്, നിയമോപദേശം നൽകിയത് റിട്ടയേർഡ് എസ് ഐ ശ്രീധരൻ തുടങ്ങി അടക്കം എട്ടോളം പ്രതികളെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവർ ഇപ്പോഴും ജയിലിൽ കഴിയുകയാണ്. ഇവരെ കൂടാതെ പ്രധാന പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചതിനും സാമ്പത്തിക സഹായം നൽകിയതിനും മറ്റുമായി മുഖ്യപ്രതി
ഷൈബിൻ അഷ്റഫിൻ്റെ ഭാര്യ അടക്കം അഞ്ചോളം പേരെ വേറെയും പോലീസ് ഈ കേസിലേക്ക് അറസ്റ്റ് ചെയ്തിരുന്നു.

2020 വർഷത്തിലാണ് എല്ലാ കൊലപാതകങ്ങളും നടന്നത്. യു എ ഇ യിലേക്ക് വിസിറ്റിംഗ് വിസയിൽ പോയ ഈ സംഘം ശൈബിന് അഷ്റഫ് നേരത്തെ എഴുതി തയ്യാറാക്കിയ പഴുതടച്ച പ്ലാൻ പ്രകാരം ഹരിസിനെയും ഡൻസിയെയും അബുദാബിയിലെ ഫ്ളാറ്റിൽ വെച്ച് കൊലപ്പെടുത്തി. നാട്ടിൽ തിരിച്ചെത്തിയ സംഘം നേരത്തെ തന്നെ തട്ടിക്കൊണ്ട് വന്നു തടവിൽ പാർപ്പിച്ചിരുന്ന ഷാബാ ശരീഫിനെയും കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട ഹാരിസിൻ്റെ സുഹൃത്തായ കോഴിക്കോട് കുന്നമംഗലം സ്വദേശിയും കൊലപ്പെടുത്തുന്നതിന് തട്ടിക്കൊണ്ടുപോകാൻ ഈ സംഘം ശ്രമിച്ചിരുന്നു. ആ സംഭവത്തിൽ ഇപ്പോൾ ഒളിവിൽ കഴിയുന്ന ഫാസിൽ പോലീസ് പിടിയിൽ ആയിരുന്നു. വിദേശത്ത് വെച്ച് നടത്തിയ രണ്ട് കൊലപാതകങ്ങൾ ഇപ്പോൾ സി.ബി.ഐ. ആണ് അന്വേഷിക്കുന്നത്.

ഇവർ കൊലപാതക കേസിലെ പ്രതികൾ ആണെന്ന് അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ആരുടെയൊക്കെയോ സഹായത്തോടെ തന്നെ ആയിരിക്കും ഒളിവ് ജീവിതം മുന്നോട്ട് നയിക്കുന്നത് എന്നാണ് പോലീസിൻ്റെ നിഗമനം. ഈ രണ്ടു പേരെ തേടി പോലീസ് ഇപ്പോഴും ഊർജിതമായ അന്വേഷണം തുടരുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ പിടികൂടാൻ പൊതുജനങ്ങളിൽ നിന്നും ഇൻഫർമേഷൻ തേടി പോലീസ് ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും രഹസ്യവിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ മലപ്പുറം നിലമ്പൂർ പോലീസിനെ ബന്ധപ്പെടണം എന്നും ഇൻഫർമേഷൻ നൽകുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിക്കും എന്നും പോലീസ് അറിയിച്ചു.

പോലീസിനെ അറിയിക്കാനുള്ള നമ്പറുകൾ –

9497987173
8301991559
9497921602
9497921629