മലപ്പുറം പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ക്കും 36 പിഞ്ചു കുഞ്ഞുങ്ങള്‍ക്കും പരുക്ക്

Breaking Local News

മഞ്ചേരി : പട്ടര്‍കുളത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്കും എല്‍.കെ.ജി, യു.കെ.ജി വിദ്യാര്‍ത്ഥികളായ 36 പേര്‍ക്കും പരുക്കേറ്റു. സാരമായി പരിക്കേറ്റ ഡ്രൈവറെയും രണ്ട് വിദ്യാര്‍ഥികളെയും പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്‌കൂളിലെ കെ.ജി വിദ്യാര്‍ഥികളായ പുത്തലത്ത് വീട്ടില്‍ അയ്മന്‍ ഫാദിഹ് (ആറ്), ഇല്ലിക്കത്തൊടി വീട്ടില്‍ റിസ് വാന്‍ ഫാരിസ് (ആറ്) , ബസ് ഡ്രൈവര്‍ അടുങ്ങുംപുറം അബ്ദുല്‍ മജീദ് (58) എന്നിവരെയാണ് പെരിന്തണ്ണയിലേക്ക് മാറ്റിയത്. ഇതില്‍ റിസ് വാന്‍ ഫാരിസിനും, അബ്ദുല്‍ മജീദിനും തലക്കാണ് പരിക്ക്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ സ്‌കൂള്‍ കോംപൗണ്ടില്‍ കവാടത്തിന് സമീപമാണ് അപകടം. രാവിലെ കെ.ജി വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിഞ്ഞ ശേഷം തിരികെ വീട്ടിലെത്തിക്കാന്‍ കുട്ടികളെ ബസില്‍ കയറ്റി രണ്ട് ബസുകള്‍ ഒരുമിച്ച് പുറപ്പെടുകയും, ഇതില്‍ പിന്നിലുള്ള ബസിന്റെ ബ്രേക്ക് നഷ്ടമായതോടെ മുന്നിലെ ബസിന്റെ പിറകില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു. ബ്രേക്ക് നഷ്ടമായ ബസ് തൊട്ടടുത്ത പറമ്പിലേക്ക് ഇടിച്ചുകയറി. ഉടന്‍ നാട്ടുകാരും, അധ്യാപകരും ചേര്‍ന്ന് ബസില്‍ നിന്നും കുട്ടികളെ പുറത്തിറക്കി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമെത്തിച്ചു. മുന്നു പേരൊഴിച്ച് മറ്റുള്ളവരുടെ പരിക്ക് നിസാരമായതിനാല്‍ ചികിത്സ നല്‍കി വിട്ടയച്ചു. മഞ്ചേരി പൊലീസ്, മലപ്പുറം ആര്‍.ടി. ഒ എന്നിവര്‍ സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. പരിക്കേറ്റവരെ നഗരസഭ ചെയര്‍പേഴ്സന്‍ വി.എം. സുബൈദ, വൈസ് ചെയര്‍മാന്‍ വി.പി. ഫിറോസ്, കൗണ്‍സിലര്‍മാരായ എം.കെ. മുനീര്‍, അബ്ദുല്‍ മജീദ് എന്നിവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മഞ്ചേരി അഗ്നിരക്ഷ സേന, സിഫില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബസ് ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്നും മാറ്റി. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ : നൈഷ, റഫ, മുഹമ്മദ് ഷാദില്‍, മുഹമ്മദ് റാസിന്‍, നഷാ ഫാത്തിമ, മുഹമ്മദ് റൈഹാന്‍, ഫാത്തിമ, മുഹമ്മദ് അയാന്‍, മുഹമ്മദ് ഷയാന്‍, നഹ് ല മുസ്തഫ, ഐന സലീം, മദീഹ, കെ.പി റൈഹാന്‍, നവാല്‍ ഫാത്തിമ, മന്‍ഹ, റുഷ്ദ. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ : അമല്‍ റാസി, നിദാന്‍ ഷാസ്, ഇവ ഐറിന്‍, ഫാദി മുസ്തഫ, സഹ്‌റ, ഷാമില്‍, ആദം അലി, ഫത്തൂം, ഇഷാന്‍ബിന്‍ ജുനൈദ്, ഷന്‍സ, ബഹിഗ, റിന്‍ഷ, അജ് വദ്, ലുത്ത്ഫാന്‍, റാഷിദ്, അയന്‍ ഫാത്തിമ, അംന, ലാമിഹ്, കെ. ടി റൈഹാന്‍, ഹയ്യാന്‍.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി