പുതിയ മുസ്ലിംലീഗ്
മലപ്പുറം ജില്ലാജനറല്‍
സെക്രട്ടറി ഹമീദ് മാസ്റ്ററോ,
രണ്ടത്താണിയോ

Breaking News Politics

മലപ്പുറം: മുസ്ലിംലീഗ് അംഗത്വ ക്യാമ്പയിന്റെ ഭാഗമായി ശാഖാതലം മുതല്‍ മണ്ഡലം വരെ ഭാരവാഹികള്‍ ഒരേ ഒരു സ്ഥാനം എന്ന തീരുമാനം നടപ്പില്‍ വരികയും എന്നാല്‍ മലപ്പുറം ജില്ലയിലുള്ള എം.എല്‍.എമാര്‍ സംഘടിച്ച് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. യുടെ നേതൃതത്തില്‍ പാണക്കാട് സ്വാധീനിച്ച് പി അബ്ദുല്‍ ഹമീദ് എംഎല്‍എയെ ജനറല്‍ സെക്രട്ടറി ആകുവാന്‍ ശ്രമം നടത്തുകയും അത് ഏറെ കുറെ വിജയിക്കുകയും ചെയ്തതായാണ് വിവരം. ഈ വരുന്ന 23 നു പ്രഖ്യാപനത്തിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ പി.കെ. കുഞ്ഞാലി കുട്ടി എം.എല്‍.എ. അബ്ദുറഹിമാന്‍ രണ്ടത്താണിയെ ജില്ലാ ജനറല്‍ സെക്രട്ടറി ആക്കണമെന്ന ശക്തമായ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്.

മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം ലീഗ് പ്രസിഡന്റ് , ജനറല്‍ സെക്രട്ടറിമാരുടെ അഭിപ്രായം നേതൃത്വം ആരാഞ്ഞപ്പോള്‍ ഭൂരിപക്ഷം ലഭിച്ചത് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവില്‍ ജില്ലാ ലീഗ് ജോയിന്റ് സെക്രട്ടറിയുമായ ഇസ്മായില്‍ മൂത്തേടത്തിന്റെ പേരിനാണ്. എം.എല്‍.എ. മാര്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാനം ലഭിക്കുന്നത് നിലനിര്‍ത്തുക എന്ന തന്ത്രതിന്റെ ഭാഗമായാണ് ബൈത്തു റഹ്മ ശില്പി എന്നത് ഉയര്‍ത്തി കാട്ടി പി. ഹമീദ് മാസ്റ്റര്‍ എം.എല്‍. എ യെ സെക്രട്ടറി സ്ഥാനത്തേക്ക് എം.എല്‍.എമാര്‍ കൊണ്ട് വന്നത്.

ഈ തീരുമാനം എതിര്‍ വിഭാഗം പുറത്ത് വിട്ടതോടെ അണികളില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. നിലവില്‍ വള്ളിക്കുന്ന് മണ്ഡലം എംഎല്‍എ ആണ് എന്നുള്ളതാണ് അബ്ദുല്‍ഹമീദ് മാസ്റ്റര്‍, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമാണ്. കേരള ബാങ്ക് വിഷയത്തില്‍ ജില്ലാ മുസ്ലിംലീഗിന്റെ തീരുമാനത്തിനെതിരായി കേരള ബാങ്കിനോടൊപ്പം ചേര്‍ന്ന് യുഡിഎഫിലെ പ്രമുഖ എംഎല്‍എ കൂടിയാണ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. പാര്‍ട്ടിയെ ധിക്കരിച്ച ഇദ്ദേഹത്തെ ജനറല്‍ സെക്രട്ടറി ആക്കുന്നതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം കത്തുന്നുണ്ട്.

അബ്ദു റഹിമാന്‍ രണ്ടത്താണിയെ ജനറല്‍ സെക്രട്ടറി ആക്കുന്നതില്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി ശക്തമായ എതിപ്പുണ്ടെന്നാണ് സൂചന. രണ്ടത്താണി ചെയര്‍മാനായ തിരൂര്‍ ശിഹാബ് തങ്ങള്‍ സഹകരണ ആശുപത്രിയില്‍ കോടികളുടെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പുറമെ നിലവിലെ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായ നൗഷാദ് മണ്ണിശ്ശേരിയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. മികച്ച പ്രാസംഗികനും ലീഗ്‌വേദികളിലെ മുഖവുമായ മണ്ണിശ്ശേരിക്കു പലപ്പോഴും പാര്‍ട്ടി അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അവസാന വട്ട ചര്‍ച്ചയില്‍ ഹമീദ് മാസ്റ്റര്‍ക്കോ, അബ്ദുറഹിമാന്‍ രണ്ടത്താണിക്കോ നറുക്കു വീഴാനാണ് സാധ്യതയെന്നാണ് സൂചനകള്‍. മുന്‍ താനൂര്‍ എം.എല്‍.എ കൂടിയായ അബ്ദുറഹിമാന്‍ രണ്ടാത്താണി ചാനല്‍ ചര്‍ച്ചകളില്‍ ലീഗിന്റെ മുഖവും പ്രാസംഗികനുമാണെന്നതു ഗുണകരമാണെങ്കിലും നിലവില്‍ ഉയര്‍ന്നിരിക്കുന്ന ചില ആരോപണങ്ങള്‍ പാര്‍ട്ടിക്കു ദോഷകരമായി ബാധിക്കുമോയെന്നതും ചര്‍ച്ചയാകും.