അന്‍വര്‍ എം.എല്‍.എയുടെ നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി

Breaking Keralam News

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ടൂറിസം പദ്ധതിയുടെ ഭാഗമായ കക്കാടംപൊയിലിലെ പി.വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് നിര്‍മ്മിച്ച നാലു തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ഒരു മാസത്തിനകം തടയണകള്‍ പൊളിച്ചുനീക്കണമെന്ന കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ജസ്റ്റിസ് വി.ജി അരുണിന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ പി.വി അന്‍വര്‍ എം.എല്‍.എയുടെ പീവീആര്‍ നാച്വറോ റിസോര്‍ട്ടും അന്‍വറില്‍ നിന്നും തടയണ ഉള്‍പ്പെടുന്ന സ്ഥലം വിലക്കുവാങ്ങിയ കരാറുകാരന്‍ ഷെഫീഖ് ആലുങ്ങലും സമര്‍പ്പിച്ച അപ്പീല്‍ ഹരജികള്‍ തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
അഞ്ചു വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് എം.എല്‍.എയുടെ റിസോര്‍ട്ടിലെ തടയണകള്‍ പൊളിക്കാനുള്ള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവെത്തുന്നത്.
തടയണകള്‍ പീ വീആര്‍ നാച്വറല്‍ റിസോര്‍ട്ട് അധികൃതര്‍ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തടയണകള്‍ പൊളിച്ചുനീക്കി ഇതിനായി ചെലവുവരുന്ന തുക ഇവരില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. തടയണകള്‍ പൊളിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടപ്പോള്‍ തടയണ ഉള്‍പ്പെടുന്ന സ്ഥലം പി.വി അന്‍വര്‍ എം.എല്‍.എ കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തുകയായിരുന്നു. തുടര്‍ന്ന് തടയണകളിലെ വെള്ളം തുറന്നുവിട്ടെന്നും തടയണകള്‍ പൊളിച്ചുനീക്കിയാല്‍ തന്റെ സ്ഥലത്തേക്കുള്ള വഴി തടസപ്പെടുമെന്ന് കാണിച്ച് ഷഫീഖ് ഹൈക്കോടതിയെ സമീപിച്ച് തടയണ പൊളിക്കുന്നതിന് താല്‍ക്കാലിക സ്റ്റേ നേടുകയായിരുന്നു. നീരുറവക്ക് കുറുകെ റോഡ് പണിതാണ് റിസോര്‍ട്ടിലേക്ക് വഴിയൊരുക്കിയിരുന്നത്. തടയണകള്‍ പൊളിക്കാനുള്ള കോഴിക്കോട് ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി ടി.വി രാജന്റെ കോടതി അലക്ഷ്യ ഹര്‍ജിയും ഒന്നിച്ചു പരിഗണിച്ചാണ് തടയണകള്‍ പൂര്‍ണമായും പൊളിച്ചുനീക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്.
നിയമവിരുദ്ധമായി നിര്‍മ്മിച്ച തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയാവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുഗേഷ് നരേന്ദ്രനാണ് 2018ല്‍ ജില്ലാ കളക്ടര്‍ക്ക് ആദ്യം പരാതി നല്‍കിയത്. ഈ പരാതിയില്‍ ഒരു വര്‍ഷമായിട്ടും നടപടിയുണ്ടാകാതായതോടെ മുരുകേഷ് നരേന്ദ്രന്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പരാതി നല്‍കുകയായിരുന്നു. ഇതോടെ മന്ത്രി കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് തേടി. അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് തടയണകള്‍ നിര്‍മ്മിച്ചതെന്നു കാണിച്ച് കൂടരഞ്ഞി വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ജില്ലാ കളക്ടര്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്നതോടെ കേരള നദീസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി രാജന്റെ ഹര്‍ജി പരിഗണിച്ച് രണ്ടു മാസത്തിനകം കോഴിക്കോട് കളക്ടര്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി 2020 ഡിസംബര്‍ 22ന് ഉത്തരവിട്ടിരുന്നു. സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് അനുമതിയില്ലാതെയാണ് തടയണ കെട്ടിയതെന്ന കൂടരഞ്ഞി വില്ലേജ് ഓഫീസറുടെയും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും റിപ്പോര്‍ട്ട് പരിഗണിച്ചുവേണം കളക്ടര്‍ നടപടിയെടുക്കണ്ടതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ് വന്ന് അഞ്ചുമാസമായിട്ടും കളക്ടര്‍ അനധികൃത തടയണകള്‍ക്കും നിര്‍മ്മാണങ്ങള്‍ക്കുമെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതോടെ രാജന്‍ കോഴിക്കോട് കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതി അലക്ഷ്യഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രകൃതിദത്തമായ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മ്മിച്ച നാലു തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചുനീക്കണമെന്നും അല്ലാത്തപക്ഷം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വന്തം ചെലവില്‍ പൊളിച്ചുനീക്കി ഇതിനു ചെലവായ തുക തടയണകെട്ടിയവരില്‍ നിന്നും ഈടാക്കണമെന്ന് കോഴിക്കോട് കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡി 2021 ആഗസ്റ്റ് 30ന് ഉത്തരവിട്ടു.
തടയണകള്‍ പൊളിക്കുന്നതിന് തടയിടാന്‍ പി.വി അന്‍വര്‍ എം.എല്‍.എ റിസോര്‍ട്ട് ഉള്‍പ്പെടുന്ന സ്ഥലം കരാറുകാരനായ ഷഫീഖ് ആലുങ്ങലിന് വില്‍പന നടത്തി. തടയണകള്‍ പൊളിച്ചാല്‍ അവക്ക് മുകളിലൂടെ നിര്‍മ്മിച്ച റോഡ് തകരുമെന്നും തനിക്കും സമീപവാസികള്‍ക്കും വഴി നഷ്ടപ്പെടുമെന്നും കാണിച്ച് ഷഫീഖ് ആലുങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. തടയണകള്‍ പൊളിക്കുന്നത് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. ഇവരുടെ ആവശ്യപ്രകാരം നിയോഗിച്ച അഭിഭാഷക കമ്മീഷന്‍ തടയണയിലെ വെള്ളം ഒഴുക്കികളഞ്ഞതിനാല്‍ അപകട ഭീഷണിയില്ലെന്നും തടയണകള്‍ പൊളിച്ചാല്‍ സമീപവാസികള്‍ക്ക് വഴി നഷ്ടപ്പെടുമെന്നും ഹൈക്കോടതിയെ അറിയിച്ചു. കക്കാടംപൊയില്‍ സ്വദേശികളായ നാട്ടുകാര്‍ തടയണ പൊളിക്കരുതെന്ന നിലപാടുകാരാണെന്നും കക്കാടംപൊയിലിന് പുറത്തുള്ളവരാണ് പരാതിക്കാരെന്നും കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കക്കാടംപൊയില്‍ സ്വദേശിയായ കെ.വി ജിജു കേസില്‍ കക്ഷിയായി അഭിഭാഷക കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ വാദം ഉയര്‍ത്തി.
അപ്പീല്‍ ഹരജികളില്‍ ടി.വി രാജനുവേണ്ടി അഡ്വ.സി.എം മുഹമ്മദ് ഇഖ്ബാല്‍, ജിജുവിനു വേണ്ടി അഡ്വ. പിയൂസ് എ കൊറ്റം എന്നിവര്‍ ഹാജരായി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 2018ല്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ അടച്ചുപൂട്ടിയ കക്കാടംപൊയിലിലെ പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കുമായി ബന്ധപ്പെട്ട ടൂറിസം പദ്ധതിയുടെ ഭാഗമാണ് പീവീആര്‍ നാച്വറോ റിസോര്‍ട്ട്.
ഇവിടെ നിന്നും ഒന്നര കിലോ മീറ്റര്‍ അകലെ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ പി.വി അന്‍വര്‍ നിര്‍മ്മിച്ച തടയണ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ഭാഗികമായി പൊളിച്ചു മാറ്റി വെള്ളം തുറന്നുവിട്ടിരുന്നു. തടയണയില്‍ വെള്ളംകെട്ടിനില്‍ക്കുന്നതില്‍ അപകടമില്ലെന്ന് പെരിന്തല്‍മണ്ണ സബ് കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തടയണ പൂര്‍ണമായും പൊളിച്ചുനീക്കിയിട്ടില്ല