തീവ്രവാദ ബന്ധം ആരോപിച്ച് വിചാരണതടവിലിരിക്കെ മരണപ്പെട്ട മലപ്പുറം മങ്കട സ്വദേശി മുഹമ്മദ് അമീന്റെ മൃതദേഹം നാളെ ഖബറടക്കും

Breaking Crime Keralam Local

മലപ്പുറം: ഐ എസ് തീവ്രവാദ ബന്ധം ആരോപിച്ച് ഡല്‍ഹി മണ്ഡോലി ജയിലില്‍ കഴിയുന്നതിനിടെ മരണപ്പെട്ട മലപ്പുറം മങ്കടയിലെ 27കാരന്റെ മൃതദേഹം നാളെ മങ്കട കടന്നമണ്ണ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. കഴിഞ്ഞ ദിവസമാണ് മലപ്പുറം മങ്കട കടന്നമണ്ണ സ്വദേശി കാതൊടി മുഹമ്മദ് അമീന്‍ (27) മരിച്ചത്. തീവ്രവാദ ബന്ധം ആരോപിച്ച് 2021 മാര്‍ച്ചിലാണ് മുഹമ്മദ് അമീനെ എന്‍.ഐ.എ. കസ്റ്റഡിയിലെടുത്തിരുന്നത്. ഡല്‍ഹി മണ്ഡോലി ജയിലില്‍ വിചാരണ തടവുകാരനായി കഴിയുകയായിരുന്നതിനിടെ കേസ്സില്‍ കോടതി വിചാരണ ആരംഭിക്കാനിരിക്കെയാണ് അമീന്‍ മരണപ്പെട്ടത്.

മരണ കാരണം
തലയിലുണ്ടായ രക്തസ്രാവമെന്ന്

തലയിലുണ്ടായ രക്തസ്രാവം മൂലമാണ് മരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.
തലവേദനയും, ചര്‍ദ്ദിയും കാരണം അമീന്‍ ഡല്‍ഹിയില്‍ ജി.ടി.ബി ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് ഇത് മൂര്‍ഛിച്ചതാണ് മരണ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.മൃതദേഹം ഡല്‍ഹി ജി.ടി.ബി ആസ്പത്രിയില്‍ സൂക്ഷിച്ചിരുന്നു. ബന്ധുക്കള്‍ ഞായറാഴ്ച രാവിലെ തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് പൂര്‍ത്തിയാക്കിയത്. ഇന്നു രാത്രി 9 മണിയോടെ കരിപ്പൂര്‍ വിമാനതാവളത്തിലെത്തിച്ച മൃതദേഹം രാത്രി 11 മണിയോടെ സ്വദേശമായ കടന്നമണ്ണയിലേക്ക് കൊണ്ടുവന്നു

മയ്യിത്ത് നാളെ രാവിലെ 8.30 കടന്നമണ്ണ
മഹല്ല് ജുമാ മസ്ജിദില്‍ ഖബറടക്കും

മയ്യിത്ത് നാളെ രാവിലെ 8.30 കടന്നമണ്ണ മഹല്ല് ജുമാ മസ്ജിദില്‍ ഖബറടക്കും.
തലവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമീനെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തലയ്ക്കകത്ത് രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ചികിത്സ ആവശ്യമില്ലെന്നു പറഞ്ഞ് അമീന്‍ ജയിലിലേക്ക് മടങ്ങുകയായിരുന്നുവെന്നു പറയുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം അമീന്‍ വീട്ടുകാരെ അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മരണ വിവരമറിഞ്ഞ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം വിമാന മാര്‍ഗം ഡല്‍ഹിയിലേക്കു പോയിരുന്നു.

കുറ്റപത്രത്തില്‍ പറയുന്നത്

കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ 2020 കാലഘട്ടത്തില്‍ ഏര്‍പ്പെട്ടതായാണ് എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
ബെംഗളൂരുവില്‍ വിദ്യാര്‍ത്ഥി ആയിരുന്ന അമീനെതിരെ 5000 പേജുള്ള കുറ്റപത്രമാണ് കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. ഇയാള്‍ കേരളത്തിലും കര്‍ണാടകയിലും ആക്രമണത്തിന് പദ്ധതിയിട്ടതായാണ് കുറ്റപത്രത്തിലെ ആരോപണം. ഐ എസുമായി ആശയപ്രചാരണം ഇയാള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തി, ഭീകര സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തി. എന്നും കുറ്റപത്രത്തില്‍ പറയുന്നു.