ട്രെയിനില്‍ പരപ്പനങ്ങാടിയിലേക്ക് കഞ്ചാവ് കടത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. യുവാവ് പിടിയിലായത് രണ്ടര ലക്ഷം രൂപയുടെ കഞ്ചാവുമായി. ട്രെയിന്‍ ഇറങ്ങിയതിന് പിന്നാലെ യുവാവ് എത്തിയത് വലവിരിച്ച് കാത്ത്‌നിന്ന പൊലീസ് സംഘത്തിന്റെ പിടിയിലേക്ക്

Crime Local News

പരപ്പനങ്ങാടി: ട്രെയിനില്‍ പരപ്പനങ്ങാടിയിലേക്ക് കഞ്ചാവ് കടത്തിയ ബംഗാള്‍ സ്വദേശി അറസ്റ്റിൽ. ബുധനാഴ്ച രാവിലെ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ പരപ്പനങ്ങാടിയിലെത്തിയ വെസ്റ്റ് ബംഗാള്‍ കട്ടുപാറ സ്വദേശി അജിത്ത് ആണ് കഞ്ചാവുമായി പിടിയിലായത്. 32കാരനായ ഇയാള്‍ അഞ്ച് കിലോ കഞ്ചാവുമായാണ് തീവണ്ടിയിറങ്ങിയത്. പരപ്പനങ്ങാടിയിലും സമീപപ്രദേശങ്ങളിലും വിതരണം ചെയ്യാനെത്തിച്ചതായിരുന്നു കഞ്ചാവ്. എന്നാല്‍ മലപ്പുറം എസ്പി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താനൂര്‍ ഡി.വൈ.എസ്.പി ബെന്നിയുടെ നിര്‍ദേശപ്രകാരം പരപ്പനങ്ങാടി സി.ഐ ജിനേഷും, പോലിസ് ഡാന്‍സഫ് സംഘവും ചേര്‍ന്ന് ഇയാള്‍ക്കായി വലവിരിച്ചിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തുകയും കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത വിധം ആകര്‍ഷകമായ രീതിയില്‍ വസ്ത്രം ധരിച്ചാണ് പ്രതി എത്തിയിരുന്നത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായും അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്‌സുകള്‍ കേന്ദ്രീകരിച്ചും മറ്റും വില്‍പ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പരപ്പനങ്ങാടി എസ്.ഐ ആര്‍.യു അരുണ്‍, ആര്‍.സി രാമചന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ മുജീബ്, ഡാന്‍സഫ് അംഗങ്ങളായ ജിനേഷ്, സബറുദ്ദീന്‍, അഭിമന്യൂ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. ഏതാനും മാസം മുമ്പ് ചുഴലി സ്വദേശികളില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു.