മലപ്പുറത്ത് കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി ഒരാള്‍ പിടിയില്‍

Breaking Crime Keralam Local

മലപ്പുറം: കോടികള്‍ വിലപറഞ്ഞുറപ്പിച്ച് ‘ഇരുതലമൂരി’യുമായി തട്ടിപ്പ് നടത്തുന്ന സംഘാംഗം പെരിന്തല്‍മണ്ണയില്‍ പിടിയില്‍.
അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനുമായി അന്താരാഷ്ട്രമാര്‍ക്കറ്റില്‍ വന്‍ഡിമാന്റുള്ള ഇരുതല മൂരികളെ ഉപയോഗിച്ചു മലപ്പുറം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കാടികളുടെ ബിസിനസ്സ് നടത്തിയതായും വിവരം. മലപ്പുറം ജില്ലയില്‍ ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശം വച്ച് കോടികളുടെ തട്ടിപ്പ് നടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെയടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തില്‍ ഉള്‍പെട്ട വേങ്ങൂര്‍ സ്വദേശിയെ കുറിച്ച് സൂചന ലഭിക്കുന്നത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തിയതില്‍ സംസ്ഥാനത്തിനകത്തും പുറത്തും പലഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവരെ സമീപിക്കുന്നതായും അഞ്ച് കോടി രൂപ വരെ വില പറഞ്ഞ് കച്ചവടത്തിന് ശ്രമം നടക്കുന്നതായി സൂചന ലഭിച്ചതിന്റെയടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാപോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ മൂന്നര കിലോയോളം തൂക്കമുള്ള ഇരുതലമൂരി പാമ്പുമായി വേങ്ങൂര്‍ സ്വദേശി പുല്ലൂര്‍ശങ്ങാട്ടില്‍ മുഹമ്മദ് ആഷിക്ക്(30) നെ പിടികൂടിയത്.
പ്രതിയേയും പാമ്പിനേയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി.
തലയും വാലും കാണാന്‍ ഒരുപോലെയിരിക്കുന്നതിനാലാണ് ഇവയെ ഇരുതലമൂരി എന്ന് വിളിക്കുന്നത്. ഇവയുടെ തൂക്കത്തിനനുസരിച്ച് അന്താരാഷ്ട്രമാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലയുണ്ട്. അന്ധവിശ്വാസത്തിന്റെ പേരില്‍ മന്ത്രവാദത്തിനുപയോഗിക്കുന്നതിനും വിദേശത്ത് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഇവയെ ഉപയോഗിക്കുന്നതായി പറയപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം ജീവന് ഭീഷണിയുള്ള ജീവികളുടെ ഗണത്തില്‍ പെടുത്തിയ ഇവയെ പിടിക്കുന്നതോ കൈവശം വയ്ക്കുന്നതോ വില്‍പ്പന നടത്തുന്നതോ ചെയ്താല്‍ കടുത്ത ശിക്ഷയാണ് നിയമം നല്‍കുന്നത്. ഇത്തരത്തില്‍ തട്ടിപ്പ് നടത്തി കോടികള്‍ തട്ടിയെടുക്കുന്ന ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് സൂചന ലഭിച്ചതായും അവരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ് പി. എം.സന്തോഷ് കുമാര്‍, മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ ഷാരോണ്‍ എന്നിവര്‍ അറിയിച്ചു. എസ്.ഐ. സജേഷ് ജോസ്, സീനിയര്‍ സി.പി. ഒ നിഥിന്‍ ആന്റണി, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡിലെ സി.പി മുരളീധരന്‍, പ്രശാന്ത്പയ്യനാട്, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, ദിനേഷ്‌കിഴക്കേക്കര എന്നിവരാണ് അന്വഷണ സംഘത്തിലുണ്ടായിരുന്നത്.