ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയം: കേരള മുസ്ലിം ജമാഅത്ത്

Breaking Keralam Local

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്ന് കേരള മുസ്ലിം ജമാഅത്ത്. ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നതായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പറഞ്ഞു. പൊതു സമൂഹത്തില്‍ നിന്നും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുമുള്‍പ്പെടെ വ്യാപകമായി ഉയര്‍ന്ന ജനരോഷം ഉള്‍ക്കൊണ്ട് സര്‍ക്കാര്‍ തെറ്റുതിരുത്താന്‍ തയ്യാറായത് ഉന്നത ജനാധിപത്യ മൂല്യങ്ങളുടെ വിജയമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം ബശീറിനെ മദ്യപിച്ച് ലക്ക് കെട്ട് അമിത വേഗതയില്‍ കാറോടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ തീരുമാനത്തിനെതിരെ കേരളാ മുസ്ലിംജമാഅത്ത് പതിനായിരങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധമാര്‍ച്ചാണ് കഴിഞ്ഞ ദിവസം മുഴുവന്‍ ജില്ല കല്‌ക്ട്രേറ്റിലേക്കും തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്കും നടത്തിയത്. തീരുമാനം പിന്‍വലിക്കും വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചിരുന്നു. നീതിയുടെ വിജയം സാധ്യമാക്കിയ കേരള സര്‍ക്കാറിന്റെ ഈ തിരുമാനത്തെ ജില്ല കമ്മിറ്റി പ്രശംസിച്ചു.

പ്രതിഷേധ ജാഥ മാറ്റി വെച്ചു

അതേ സമയം ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ സാഹചര്യത്തില്‍ ഓഗസ്റ്റ് മൂന്നിന്് യൂണിറ്റുകളില്‍ നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ ജാഥ മാറ്റി വെച്ചതായും ; അന്നേ ദിവസം കെ.എം ബഷീറിന് വേണ്ടി പ്രാര്‍ത്ഥന നടത്തണമെന്നും
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റി അഡ്മിന്‍ സെക്രട്ടറി മജീദ് കക്കാട് അറിയിച്ചു.