കുഞ്ഞുനാളിലെ വിദ്യാഭ്യാസം തിരിച്ച് പിടിക്കാനായി മലപ്പുറത്തെ സുബൈദ

Breaking Keralam News

മലപ്പുറം: കുടുംബത്തിലെ കൊച്ചുകുട്ടികള്‍ പോലും സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളിലേക്ക് അനായാസം വിജയിച്ചുകയറുമ്പോള്‍, അഞ്ചാം ക്ലാസില്‍ അവസാനിപ്പിച്ച സ്‌കൂള്‍ വിദ്യാഭ്യാസം പടിപടിയായി തിരിച്ചുപിടിക്കുകയാണ് മുണ്ടുപറമ്പിലെ കുറ്റിക്കാടന്‍ സുബൈദ. കുട്ടിക്കാലത്ത് ലഭിക്കാതെപോയ വിദ്യാഭ്യാസം തനിക്കും നേടിയെടുക്കാനാകുമെന്ന ഉറച്ചതീരുമാനത്തിലാണ് ഈ അമ്പത്തിയാറുകാരിയുടെ പോരാട്ടം.
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി മുഖേന നടപ്പാക്കുന്ന തുല്യതാ പദ്ധതിലെ പഠിതാവാണ് കുറച്ചുകാലമായിട്ട് സുബൈദ. തുല്യതയുടെ പ്രാഥമിക തലത്തിലെ പതിമൂന്നാം ബാച്ചില്‍ ഏഴാം തരം വിജയിച്ച്, പത്താം തരത്തിന്റെ പതിനാലാം ബാച്ചില്‍ പരീക്ഷ എഴുതുകയാണ് ഇവരിപ്പോള്‍.
മലപ്പുറം ഗവ. ബോയിസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമായുള്ള പത്താം തരം തുല്യതാ പഠിതാക്കളില്‍ ഇപ്പോള്‍ പരീക്ഷയെഴുതുന്ന 85 പേരില്‍ ഏറ്റവും മുതിര്‍ന്ന പഠിതാവുകൂടിയാണ് സുബൈദ.
സഹപാഠികളില്‍ പലരേയും പോലെ സര്‍ക്കാര്‍ ജോലിയോ, വിദേശരാജ്യങ്ങളിലെ തൊഴിലിനായുള്ള എമിഗ്രേഷനോ, നിലവിലെ ജോലിയിലെ സ്ഥാനക്കയറ്റമോ ലക്ഷ്യമാക്കിയല്ല ഇവരുടെ ഈപഠനപോരാട്ടം.
കഴിവിന്റെ പരമാവധി പഠിച്ചെടുത്ത് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനോടൊപ്പം തുടര്‍പഠനത്തോട് വിമുഖത കാണിച്ച് മടിച്ചുനില്‍ക്കുന്നവര്‍ക്ക് ഒരുപ്രചോദനമാകട്ടെ എന്റെ പരിശ്രമമെന്നാണ് ഇവരുടെ അഭ്യര്‍ത്ഥന.
സാക്ഷരതാ മിഷനും ക്ലാസ് കോ-ഓര്‍ഡിനേറ്റര്‍മാരും അധ്യാപകരും സഹപാഠികളുമെല്ലാം നല്‍കുന്ന സഹകരണവും പിന്‍തുണയുമാണ് ഇതുവരെയുള്ള മുന്നേറ്റതിന് സുബൈദക്ക് സഹായകമായത്.