അധ്യാപക പരിശീലന കോഴ്‌സിലെ ആശങ്കകള്‍

Education Writers Blog

രസ്ന. എം. പി

ഇന്ന് സെപ്റ്റംബർ 5. അധ്യാപക ദിനം.. ലോകമെമ്പാടുമുള്ള എല്ലാ അധ്യാപകർക്കും അധ്യാപക ദിനാശംസകൾ..അധ്യാപനം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ലെന്നും അറിവിനോടൊപ്പം പ്രതികരണശേഷിയും പ്രതിരോധശേഷിയുമുള്ള, സമൂഹത്തിനുതകുന്ന നല്ല പൗരന്മാരെ വാർത്തെടുക്കുന്ന മഹത്തായൊരു പ്രക്രിയകൂടിയാണെന്നും നാമെല്ലാവരും ഒരുപോലെ അംഗീകരിക്കുന്ന വസ്തുതയായതിനാൽ അധ്യാപനത്തിന്റെ മഹത്വങ്ങളിലേക്ക് കൂടുതൽ കടക്കുന്നില്ല..
എന്നാൽ ഭാവി അധ്യാപകരെ വാർത്തെടുക്കുന്ന അധ്യാപക പരിശീലന കോഴ്സ് ആയ ബി എഡ്‌ അഥവാ (Bachelor of education )കോഴ്‌സിനെക്കുറിച്ചുള്ള ചില ആശങ്കകൾ ഈ അധ്യാപക ദിനത്തിൽ പങ്കുവെക്കാം എന്ന് കരുതുന്നു .. ഈ വർഷം കാലിക്കറ്റ്‌ സർവകലാശാലക്ക് കീഴിൽ അധ്യാപക പരിശീലനം പൂർത്തിയാക്കിയ ഒരു അധ്യാപക വിദ്യാർത്ഥിനി എന്ന നിലയിൽ രണ്ടു വർഷക്കാലത്തെ പഠന കാലയിളവിൽ ഞാൻ കണ്ടും കേട്ടും മനസിലാക്കിയ വ്യക്തിപരമായ ചില കാഴ്ചപ്പാടുകൾ ആണ് ഇവിടെ പങ്കു വെക്കുന്നത്..

ഇന്ന് നമ്മുടെ പൊതു വിദ്യാലയങ്ങൾ എല്ലാം തന്നെ ഹൈ ടെക് നിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞു..പൊതുവിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ തന്നെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമാണ് കേരളം.മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന പ്രഖ്യാപനങ്ങളും നടന്നു കഴിഞ്ഞു. ..എന്നാൽ ഭാവിയിൽ കേരളത്തിലെ ഇത്തരം പൊതുവിദ്യാലയങ്ങളിൽ അധ്യാപകരാവേണ്ട അധ്യാപക വിദ്യാർത്ഥികൾക്ക് അധ്യാപക പരിശീലനം നൽകുന്ന കോളേജുകളെല്ലാം ഇത്തരം ഹൈടെക് നിലവാരം ഉള്ളവയാണോ??അല്ല എന്ന് നമുക്ക് നിസ്സംശയം പറയാനാവും.
സ്വന്തമായൊരു പ്രൊജക്റ്റർ സംവിധാനമോ വിദ്യാർഥികൾക്കുപയോഗപ്പെടുത്താവുന്ന കമ്പ്യൂട്ടർ ലാബുകളോ ഇല്ലാത്ത പല ബി എഡ്‌ കോളേജുകളും ഇന്ന് കേരളത്തിലുണ്ട് എന്നതാണ് വസ്തുത .പ്രത്യേകിച്ചും യൂണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ…
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിക്കു കീഴിൽ 74ഓളം ബി എഡ്‌ കോളേജുകൾ ആണുള്ളത്.. അതിൽ രണ്ട് ഗവണ്മെന്റ് കോളേജുകളും, രണ്ട് എയ്ഡഡ് കോളേജുകളും,ലക്ഷദ്വീപിലുള്ള ഒരു ബി എഡ്‌ കോളേജും,11യൂണിവേഴ്സിറ്റി സെന്ററുകളും ഉൾപ്പെടുന്നു.. ബാക്കിയെല്ലാം സ്വാശ്രയ കോളേജുകൾ ആണ്.. എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ കോളേജ് നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകാൻ മാനേജ്മെന്റുകൾ ഉള്ളതിനാൽ ഇത്തരം കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ താരതമ്യേനെ ഭേദപ്പെട്ടതാണ്.എന്നാൽ മാനേജ്മെന്റുകൾ ഇല്ലാത്ത, യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന യൂണിവേഴ്സിറ്റി സെന്ററുകളുടെ സ്ഥിതി തീർത്തും ദയനീയമാണ്.. മിക്ക യൂണിവേഴ്സിറ്റി സെന്ററുകളിലും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല എന്നതാണ് വാസ്തവം.പലപ്പോഴും ചുവപ്പ് നാടയിൽ കുടുങ്ങി ലഭ്യമാകാൻ കാല താമസമെടുക്കുന്ന തുച്ഛമായ ഫണ്ടുകൾ മാത്രമാണ് ഇത്തരം യൂണിവേഴ്സിറ്റി സെന്ററുകളുടെ മൂലധനം..അതു കൊണ്ടു തന്നെ ഈ മേല്ലപ്പോക്കിനെയെല്ലാം അതിജീവിച്ചു നേടിയെടുക്കുന്ന കമ്പ്യൂട്ടർ,പ്രൊജക്റ്റർ തുടങ്ങിയ ഉപകരണങ്ങൾക്ക് എന്തെങ്കിലും കേടു പാടുകൾ സംഭവിച്ചാൽ പുതിയൊരെണ്ണം വാങ്ങുന്നതിനു യൂണിവേഴ്സിറ്റിയുടെ കനിവ് തേടി വീണ്ടുമെത്രയോ നാളുകൾ കാത്തിരിക്കുക തന്നെ ശരണം .. അക്കാലയിളവിൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇത്തരം സാങ്കേതിക വിദ്യകൾ ഉപയോഗിക്കാതിരിക്കുക മാത്രമേ തരമുള്ളൂ.. യൂണിവേഴ്സിറ്റി നിർദേശിക്കുന്ന ഭീമമായ തുക ഫീസ് നൽകിയാണ് ഓരോ വിദ്യാർത്ഥിയും ഇത്തരം യൂണിവേഴ്സിറ്റി സെന്ററുകളിൽ പഠിക്കുന്നത് എന്ന് കൂടി നാം ഓർക്കേണ്ടതാണ്…
എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചുരുക്കം ചില കോളേജുകളിൽ മാത്രമല്ലേയുള്ളു എന്ന് പറഞ്ഞു കൈകഴുകാം എന്നാണെങ്കിൽ ഇനി നമുക്ക് ബി എഡിന്റെ കരിക്കുലത്തിലേക്കു വരാം…

ക്ലാസ് മുറികളിൽ വിവര സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ ഇത്രയധികം ഉപയോഗിച്ചു തുടങ്ങിയിട്ടും നമ്മുടെ അധ്യാപക പരിശീലനത്തിന്റെ കരിക്കുലം ഇപ്പോഴും എത്രയോ വർഷങ്ങൾ പുറകിൽ തന്നെയാണ്.. ഓരോ വർഷവും ബി എഡ്‌ കഴിഞ്ഞു പുറത്തിറങ്ങുന്ന വിദ്യാർത്ഥികളുടെ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം ഒരുപക്ഷെ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം..സ്വന്തമായി ഒരു പവർ പോയിന്റ് പ്രസന്റേഷൻ നിർമിക്കാൻ പോലും ഭൂരിഭാഗം വരുന്ന അധ്യാപക വിദ്യാർത്ഥികൾക്കും അറിയില്ല എന്നതാണ് സത്യം.. ഇനി അറിയാമെങ്കിൽ തന്നെ അതൊരിക്കലും ബി എഡ്‌ പഠനകാലയളവിൽ സായത്വമാക്കിയതാവാൻ വഴിയില്ല. കാരണം ബി എഡ്‌ കരിക്കുലത്തിൽ ഇപ്പോഴും പ്രാധാന്യം വർഷങ്ങളായി തുടർന്ന് പോരുന്ന ചാർട്ടെഴുത്തിനും സ്റ്റിൽ മോഡൽ വർക്കിങ്ങ് മോഡൽ നിർമാണത്തിനുമെല്ലാമാണ്.. ഇന്ന് പവർ പോയിന്റ് പ്രസന്റേഷൻന്റെ സഹായത്തോടെ പ്രൊജക്ടർ ഉപയോഗപ്പെടുത്തിയാണ് സ്കൂളുകളിൽ കുട്ടികൾക്ക് ഓരോ കോൺസെപ്റ്റുകളും മനസിലാക്കികൊടുക്കുന്നത്.. അത്തരം ഹൈ ടെക് ക്ലാസ് മുറികളിലേക്കാണ് സ്റ്റിൽ മോഡലും വർക്കിംഗ്‌ മോഡലും ചാർട്ട് പേപ്പറുകളുമെല്ലാമായി ഓരോ അധ്യാപക വിദ്യാർത്ഥിയും കടന്നു ചെല്ലേണ്ടത്..സ്കൂൾ ഇന്റൻഷിപ്പിന്റെ ഭാഗമായി ICT അടിസ്ഥാനമാക്കി എടുക്കേണ്ട ക്ലാസുകൾ ഒന്നോ രണ്ടോ മാത്രമാണ്..കാര്യക്ഷമമായി കുട്ടികളിലേക്ക് ആശയങ്ങൾ എത്തിച്ചു നൽകാനായി ത്രീഡീ ഫോർമാറ്റിലുള്ള വിഡിയോകൾ ഉൾപ്പെടെ ലഭ്യമായ ഈ ആധുനിക കാലഘട്ടത്തിൽ എന്തിനാണ് കൂടുതലായും ചാർട്ടെഴുത്തുകൾക്കും, മോഡലുകൾക്കും പ്രാധാന്യം നൽകുന്നത് എന്നത് ഇപ്പോഴും എന്നെ സംബന്ധിച്ചു ഉത്തരമില്ലാത്ത ചോദ്യമാണ്.. അതും ഒന്നോ രണ്ടോ മോഡലുകളും ചാർട്ടുകളും ഒന്നും പോരാ.. കമ്മീഷനുമായി ബന്ധപ്പെട്ട് ഓരോന്നും പത്തോ പതിനഞ്ചോ എണ്ണം ഉണ്ടാക്കണം. കോളജുകൾക്കനുസരിച്ച് ഈ എണ്ണത്തിലും കാര്യമായ മാറ്റം കാണും.കൊച്ചു കുട്ടികൾക്ക് പോലും ടെക്നോളജിയിൽ അപാര പണ്ഡിത്യമുള്ള ഇക്കാലത്ത് പ്രയോഗികമായി അത്രയാധികമൊന്നും ഉപകാരമില്ലാത്ത ഇത്തരം പ്രവർത്തനങ്ങൾക്ക് അവശ്യത്തി ലധികം പ്രാധാന്യം നൽകുന്നതിലൂടെ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിപ്പിക്കുക എന്നതിൽ പരം മറ്റെന്തു ഉദേശമാണ് ഉള്ളത്?? അധ്യാപക പഠനം പൂർത്തീകരിച്ച എത്ര പേർ ചാക്ക് കണക്കിന് മോഡലുകളും ചാർട്ടുകളും കൊണ്ട് ഇന്ന് ഒരു യഥാർത്ഥ ക്ലാസ്സ്‌ മുറിയിലേക്ക് പോവും??കമ്മിഷൻ കഴിയുന്നതോടെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഈ നിർമിതികളെല്ലാം പിന്നെ വെറും വേസ്റ്റ് മാത്രമായി അവശേഷിക്കും..
സൈക്കോളജിയും, ഫിലോസഫിയും, അസ്സസ്മെന്റും എല്ലാം പഠിക്കുന്ന കൂട്ടത്തിൽ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട ഒരു പേപ്പർ പോലും പഠന വിഷയമായി ഇല്ല.
എന്ന് മാത്രമല്ല ICT യുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് വളരെ കുറച്ച് മാത്രമേ പ്രാധാന്യം നൽകുന്നുമുള്ളൂ.. ICT യുമായി ബന്ധപ്പെട്ട ഒരു വർക്ക്ഷോപ്പ് സിലബസിൽ ഉണ്ടെങ്കിലും പല കോളേജുകളിലും ഇത് വെറുമൊരു ചടങ്ങെന്ന വ്യാജേന മാത്രമാണ് നടത്താറുള്ളത്. കൃത്യമായ നിരന്തര സാങ്കേതിക വിദ്യ പരിശീലനം ഇല്ലാത്തത് കൊണ്ടു തന്നെ അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനമോ ഒരു പ്രൊജക്ടർ എങ്ങനെ സെറ്റ് ചെയ്യണമെന്നോ പോലും മിക്ക അധ്യാപക വിദ്യാർത്ഥികൾക്കും അറിയില്ല.ചാർട്ടുകളും മോഡലുകളും നിർമ്മിക്കാൻ കാണിക്കുന്ന കണിശത ഇത്തരത്തിലുള്ള ICT യുമായി ബന്ധപ്പെട്ട പ്രവർത്തങ്ങളിലാണ് കൂടുതൽ വേച്ചു പുലർത്തേണ്ടത് എന്നാണ് എന്റെ അഭിപ്രായം.

ഇതിനു പുറമെ ബി എഡ് കാലയളവിൽ ഓരോ സെമെസ്റ്ററിലും ചെയ്ത് തീർക്കേണ്ട പ്രവർത്തനങ്ങൾ നിരവധിയാണ്.. എന്നാൽ എഴുതിത്തീർക്കേണ്ട പല പ്രവർത്തനങ്ങളും തീർത്തും അപ്രസക്തമായ പ്രവർത്തനങ്ങൾ ആണ് എന്ന് പറയാതെ വയ്യ… കഴിഞ്ഞ വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ മാസങ്ങളായി കോളേജ് അടഞ്ഞു കിടന്നിട്ടും പൂർത്തീകരിക്കേണ്ട പ്രവർത്തനങ്ങളുടെ എണ്ണത്തിൽ ഒരു കുറവും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വരുത്തിയിരുന്നില്ല. അത് കൊണ്ട് തന്നെ കടുത്ത മാനസിക സംഘർഷമായിരുന്നു ഓരോ വിദ്യാർത്ഥിയും അന്ന് നേരിടേണ്ടി വന്നത്..

പഠനപ്രവർത്തങ്ങളുടെ ആധിക്യത്തോടൊപ്പം അച്ചടക്കത്തിന്റെ പേരിലും വസ്ത്രധാരണത്തിന്റെ പേരിലുമുള്ള കർശന നിയന്ത്രണങ്ങൾ കൂടിയാവുമ്പോൾ അധ്യാപനം ഇഷ്ടമുള്ള ഒരാൾക്ക് പോക്കും ഈ അധ്യാപക പരിശീലനകാലഘട്ടം വെറുത്തു പോകുന്നുവെങ്കിൽ അതിൽ അത്ഭുതപ്പെടാനൊന്നുമില്ല..സ്വാശ്രയ കോളേജുകളാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിൽ ഉള്ളത്..ഇന്നും മിക്ക കോളേജുകളിലും സാരി നിർബന്ധമാണ്.. സാരിയുടുത്താൽ മാത്രമേ അധ്യാപനം പൂർണ്ണമാവൂ എന്ന മിഥ്യ ധാരണയിൽ നിന്നും എന്നാണ് നമ്മുടെ ബി എഡ്‌ കോളേജുകൾ കര കയറുക??ഇതിനെല്ലാം പുറമെ ആക്കാദമിക മേഖലയിൽ വേണ്ടത്ര കഴിവുകളുള്ള അധ്യാപകരുടെ അപര്യാപ്തതയും ചില കോളേജുകളിലെങ്കിലും നമുക്ക് കാണാം.

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ എല്ലാം അടഞ്ഞു കിടക്കുന്നതു കൊണ്ടു തന്നെ 2019 ബാച്ച് മുതലുള്ള വിദ്യാർത്ഥികൾക്ക് സ്കൂൾ വിദ്യാർത്ഥികളുമായി നേരിട്ടുള്ള ക്ലാസ്സ്‌ റൂം അനുഭവവും നഷ്ടമായി.. സ്കൂൾ ഇന്റന്ഷിപ്പിന് പകരം പകുതി ക്ലാസുകൾ ഏതെങ്കിലും സ്കൂളുകളുമായി ചേർന്ന് ഓൺലൈൻ ആയി ക്ലാസ്സ്‌ എടുത്തോ റെക്കോർഡഡ് വീഡിയോകളായി സൂക്ഷിച്ചോ പൂർത്തീകരിക്കാനും പകുതി ക്ലാസുകൾ പിയർ ടീച്ചിങ് മാതൃകയിൽ നടത്താനുമായിരുന്നു യൂണിവേഴ്സിറ്റി നിർദേശം.. എന്നാൽ പിയർ ടീച്ചിങ് എന്നത് വെറും പ്രഹസനം മാത്രമാണെന്ന് പറയാതെ വയ്യ..കൂടെ പഠിക്കുന്ന വിദ്യാർത്ഥികൾ തന്നെ കുട്ടികളായിരിക്കുന്ന ക്ലാസ്സ്‌ മുറിയിൽ ക്ലാസ്സ്‌ എടുക്കുന്നതും യഥാർത്ഥ സ്കൂൾ ക്ലാസ്സ്‌ മുറികളിൽ ക്ലാസ്സ്‌ എടുക്കുന്നതും തുലോം വ്യത്യാസമുണ്ട്..എന്തു തന്നെയായാലും മഹാമാരിയുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ അക്കാദമിക കാര്യങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്ന ഒരു വിഭാഗം അധ്യാപക വിദ്യാർഥികൾ തന്നെയാണ്. രണ്ടു വർഷം പഠിച്ചു പുറത്തിറങ്ങിയിട്ടും ഒരു യഥാർത്ഥ ക്ലാസ് മുറിയിൽ കുട്ടികളെ അഭിമുഖീകരിക്കാനും ക്ലാസ്സ്‌ റൂം നിയന്ത്രിക്കാനും തങ്ങൾക്കു സാധ്യമാവുമോ എന്ന ആശങ്ക ചുരുങ്ങിയ പക്ഷം അധ്യാപക വിദ്യാർത്ഥികളിലും ഇപ്പോൾ ഉണ്ട് എന്നതാണ് സത്യം..

എന്തു തന്നെയായാലും ഭാവി അധ്യാപകരെ വാർത്തെടുക്കുന്ന ഈ അധ്യാപക പരിശീലന കോഴ്സിന്റെ ഇപ്പോൾ നില നിൽക്കുന്ന രീതികൾ അടിയന്തിരമായി ഒരു പൊളിച്ചെഴുത്തിനു വിധേയമാക്കേണ്ടതും കാലത്തിനൊപ്പം സഞ്ചരിച്ചു കൊണ്ട് ടെക്‌നോളജിക്ക് കൂടുതൽ പ്രാധാന്യം നൽകി
പുനസൃഷിടിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.അല്ലാത്ത പക്ഷം ഹൈ ടെക് ആകുന്ന സ്കൂളുകളുടെ നിലവാരത്തിലേക്കുയരാൻ ഓരോ വർഷവും അധ്യാപക പരിശീലനം പൂർത്തീകരിച്ചിറങ്ങുന്ന പുതിയ അധ്യാപകർക്ക് സാധിക്കാതെ വരും…