വധ ഭീഷണിയില്‍ പാണക്കാട്മുഈനലി തങ്ങളുടെ പ്രതികരണം

Videos

മലപ്പുറം: തനിക്ക് വധ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയതിന് പിന്നലെ ഇന്നു രാവിലെ മലപ്പുറം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി വിശദമായി മൊഴി നല്‍കി മുസ്ലിംലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈനലി തങ്ങള്‍. വധഭീഷണി ലഭിച്ചതിന് പിന്നാലെ ഇന്ന് രാവിലെയാണ് അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
മലപ്പുറം പോലീസ് സ്‌റ്റേഷനിലാണ് അദ്ദേഹം എത്തിയത്. ഭീഷണി സന്ദേശം ലഭിച്ചതോടെ മലപ്പുറം പോലീസില്‍ മുഈനലി പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍നടപടിയെന്നോണമാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. അദ്ദേഹത്തിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. പോലീസിന് ശബ്ദ സന്ദേശവും മുഈനലി കൈമാറിയിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് അദ്ദേഹത്തിന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചത്. കഴിഞ്ഞ ദിവസം അദ്ദേഹം മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെയും അബ്ദുസമദ് സമദാനി എംപിയെയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഭീഷണി സന്ദേശം എത്തിയത്.
മുഈനലി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ എല്ലാം പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു ഭീഷണി സന്ദേശത്തില്‍ പറയുന്നത്. ഈ പോക്ക് പോയാല്‍ വീല്‍ ചെയറില്‍ ആയിരിക്കും ശിഷ്ടകാലം ജീവിക്കേണ്ടിവരികയെന്നും ഭീഷണിയുണ്ട്. റാഫി പുതിയകടവ് എന്നാണ് സന്ദേശം അയച്ചയാള്‍ പരിചയപ്പെടുത്തിയത് എന്നാണ് വിവരം.