മലപ്പുറത്ത് അത്യാധുനിക സൗകര്യങ്ങളോടെ ഫിറ്റ്നസ് കേന്ദ്രം തുറന്നു.

Local News Sports

മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ മലപ്പുറം കോട്ടപ്പടിയില്‍ സ്ഥാപിച്ച സ്പോര്‍ട്സ് ലൈഫ് ഫിറ്റ്നസ് സെന്റര്‍ കായിക മന്ത്രി വി അബ്ദുറഹിമാന്‍ നാടിന് സമര്‍പ്പിച്ചു. കായിക താരങ്ങളുടെയും പൊതുജനങ്ങളുടെയും ശാരീരിക ക്ഷമത മെച്ചപ്പെടുത്തി പുതിയ കായിക സംസ്‌ക്കാരം സ്യഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് മലപ്പുറത്തും ഫിറ്റ്നസ് സെന്റര്‍ തുടങ്ങിയത്. സംസ്ഥാനത്തെ അഞ്ചാമത്തെ കേന്ദ്രമാണിത്. പി ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ തുടങ്ങിയ ഫുട്ബോള്‍ പരിശീലനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

കോട്ടപ്പടി സ്റ്റേഡിയത്തോട് ചേര്‍ന്ന സ്പോര്‍ട്സ് കൗണ്‍സിലിന്റെ കെട്ടിടത്തിലാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ കായിക താരങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും കേന്ദ്രം ഉപകാരപ്രദമാകും. സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തില്‍ 79.15 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദേശീയ കായിക താരങ്ങള്‍ക്ക് സൗജന്യമായും പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കിലും ഉപയോഗിക്കാന്‍ അവസരമുണ്ടാകും. പുലര്‍ച്ച അഞ്ചുമുതല്‍ രാവിലെ 11 വരെയും വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയും കേന്ദ്രം പ്രവര്‍ത്തിക്കും. ട്രെഡ്മില്‍, സ്പിന്‍ബൈക്ക്, നോണ്‍ മോട്ടോറൈസ്ഡ് കവേര്‍ഡ് ട്രെഡ്മില്‍ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 88 തരം ജിം ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.

കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി, ഡെപ്യൂട്ടി കളക്ടര്‍ എസ്.എസ് സരിന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍, സ്പോര്‍ട്സ് കേരള ഡയറക്ടര്‍ ആഷിക് കൈനിക്കര, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം എ ശ്രീകുമാര്‍, സ്പോര്‍സ് കൗണ്‍സില്‍ എക്സി അംഗങ്ങളായ കെ വത്സല, പി ഹൃഷികേഷ് കുമാര്‍, കെ മനോഹരകുമാര്‍, സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി.ആര്‍ ജയചന്ദ്രന്‍, സ്പോര്‍ട്സ് കേരള സി.ഇ.ഒ ഡോ. അജയകുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി ആര്‍ അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.