ചാലിയാര്‍ റിവര്‍ പാഡിലിന് ഉജ്ജ്വല തുടക്കം

Local News Sports

നിലമ്പൂര്‍: ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്രയായ ചാലിയാര്‍ റിവര്‍ പാഡിലിന് നിലമ്പൂരില്‍ ഉജ്ജ്വല തുടക്കം. ചാലിയാറിനെ സംരക്ഷിക്കാനും ജലസാഹസിക വിനോദത്തെ പ്രോത്സാഹിപ്പിക്കാനുമായി നടത്തുന്ന ദീര്‍ഘദൂര കയാക്കിങ് ബോധവല്‍ക്കരണ യാത്രയാണ് ചാലിയാര്‍ റിവര്‍ പാഡില്‍. വിവിധ തരം കയാക്കുകളിലും സ്റ്റാന്‍ഡ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായാണ് മൂന്നു ദിവസത്തെ യാത്ര. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് യാത്ര ആരംഭിച്ചത്. നിലമ്പൂര്‍ നഗരസഭാ അധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡിടിപിസി സെക്രട്ടറി വിപിന്‍ വിപി, ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് സ്ഥാപകന്‍ കൗഷിക്ക് കോടിത്തോടിക, മാനേജിങ് ഡയറക്ടര്‍ റിന്‍സി ഇക്ബാല്‍, മുഖ്യ പരിശീലകന്‍ പ്രസാദ് തുമ്പാണി, നിലമ്പൂര്‍ ടൂറിസം ക്ലബ് പ്രസിഡന്റ് മുജീബ് ദേവശ്ശേരി, സെക്രട്ടറി മുസ്സമില്‍ യുപി, മമ്പാട് എം ഇ എസ് കോളേജിലെ ടൂറിസം അധ്യാപകരായ സജീര്‍ ഇ കെ, അര്‍ഷദ് ബാബു പി ടി എന്നിവര്‍ സംസാരിച്ചു. യാത്രയുടെ ഭാഗമായി മമ്പാട് എംഇഎസ് കോളജ് വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി. ഇതിനു പുറമെ വിവിധ തരം ജല കായിക വിനോദങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് യാത്ര സംഘടിപ്പിക്കുന്നത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്റ്ററന്റ്, കയാക്കേഷ്യ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. സാഹസികമായി നടത്തുന്ന ബോധവല്‍ക്കരണ യാത്ര ഒമ്പതാം തവണയാണ് നടത്തുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി 80 ആളുകളാണ് യാത്രയില്‍ പങ്കെടുക്കുന്നത്. ഇതില്‍ രണ്ട് കുട്ടികളും 5 വനിതകളുമുണ്ട്. ചാലിയാറിലൂടെ മൂന്നു ദിവസങ്ങളിലായി 68 കിലോമീറ്ററാണ് ഇവര്‍ സഞ്ചരിക്കുക. ഇന്നലെ സംഘം നിലമ്പൂരില്‍ നിന്ന് മമ്പാട് വരെ എട്ട് കിലോമീറ്റര്‍ സഞ്ചരിച്ചു. പതിനെട്ടുകാരനായ റായന്‍ കോടിത്തോടികയാണ് യാത്ര നയിക്കുന്നത്. പ്രമുഖ കയാക്കിങ് – സെയ്‌ലിങ് താരങ്ങളോടൊപ്പം തുടക്കകാര്‍ക്കും തുഴയെറിയാം എന്നതാണ് ചാലിയാര്‍ റിവര്‍ പാഡിലിന്റെ സവിശേഷത. ബെംഗളൂരു സ്വദേശിനിയായ നാല് വയസ്സുകാരി കിയാര ശ്രീനിവാസാണ് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍. ഏറ്റവും പ്രായം കൂടിയാള്‍ 53 കാരനും ബെംഗളൂരു സ്വദേശിയുമായ രജത് മാഥൂറും. പിതാവ് ശ്രീനിവാസ് കൃഷ്ണപ്പ മാതാവ് രമ്യ ജെ. എന്നിവരോടൊപ്പമാണ് കിയാര യാത്രയില്‍ പങ്കെടുക്കാനെത്തിയത്.

മൂന്നു ദിവസങ്ങള്‍ക്കൊണ്ട് ചാലിയാര്‍ പുഴയില്‍ നിന്നും ഏകദേശം 2000 കിലോഗ്രാം മാലിന്യം ശേഖരിക്കാനാണ് സംഘത്തിന്റെ ലക്ഷ്യം. ഗ്രീന്‍ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേര്‍തിരിച്ച് പുന:ചംക്രമണത്തിന് അയയ്ക്കും. ഇതിനു പുറമെ പുഴയില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് കയാക്കിങ്. കയാക്കിങ് ബോധവല്‍ക്കരണ യാത്ര ഞായറാഴ്ച്ച ഉച്ചയ്ക്ക് 2ന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ സമാപിക്കും. വൈകിട്ട് 4ന് നടക്കുന്ന സമാപന ചടങ്ങ് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.