വൈകല്യങ്ങളെ മറന്ന് യൂനസും ഷബാനയും ഒന്നായി. ഇനി ഇവര്‍ ഒരുമിച്ചു പറക്കും

Local News

മലപ്പുറം: വൈകല്യങ്ങളെ മറന്ന് യൂനസും ഷബാനയും ഒന്നായി. ഇനി ഇവര്‍ ഒരുമിച്ചു പറക്കും. ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന് വീല്‍ചെയറില്‍ കഴിയുന്ന യൂനുസും, മാനസിക വെല്ലുവിളി നേരിടുന്ന ബിപി അങ്ങാടി സ്വദേശിനി ഫാത്തിമ ഷബാനയും തമ്മിലുള്ള വിവാഹമാണ് ഇന്നലെ ആഘോഷമായി നടന്നത്.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന തിരൂര്‍ കിന്‍ഷിപ്പ് ഡയറക്ടറും, ചീഫ് കോര്‍ഡിനേറ്ററുമായി നാസര്‍ കുറ്റൂരാണു ഇരുവരുടേയും മംഗല്യസാഫല്യത്തിനു നേതൃത്വം നല്‍കിയത്. കിന്‍ഷിപ്പിലെ അന്തേവാസികളായിരുന്നു ഇരുവരും.
തൃപ്രങ്ങോട് സ്വദേശിയായ
പൂപ്പന്തലിന്റെ തണലില്‍ മാപ്പിളപ്പാട്ടുമായി തോഴിമാര്‍ക്കൊപ്പം മണവാട്ടിയും, കൂട്ടുകാര്‍ ഒരുക്കിയ മൊഞ്ചുള്ള നൃത്തത്തിനിടയിലൂടെ വീല്‍ചെയറിലിരുന്ന് മണവാളനുമെത്തിയതോടെ കിന്‍ഷിപ്പിലെ വിവാഹച്ചടങ്ങ് മധുരമൂറുന്ന നിമിഷങ്ങളായി മാറി.
ഷബാന ആറുമാസങ്ങള്‍ക്കു മുന്‍പാണ് കിന്‍ഷിപ്പിലെത്തിയത്. ഇവിടെ നിന്ന് ലഭിച്ച പരിചരണത്തിലൂടെ വലിയ മാറ്റമുണ്ടായി. തുടര്‍ന്ന് ഇവിടെ വൊളന്റിയറായി സേവനം നല്‍കി വരികയായിരുന്നു. ഇതിനിടെയാണ് കിന്‍ഷിപ് വരാന്തകളില്‍ ഇവരുടെ പ്രണയം മൊട്ടിട്ടത്. രണ്ടു പേരുടെയും കുടുംബങ്ങളുടെ അറിവോടെ പിന്നീട് പ്രണയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. അലങ്കരിച്ച കിന്‍ഷിപ് ഹാളില്‍ രാവിലെ മുതല്‍ വിവാഹാഘോഷത്തിന്റെ ഭാഗമായി ഗസല്‍ ഗാനങ്ങള്‍ ഒഴുകി.

മണവാട്ടിയും മണവാളനും ഹാളിലേക്ക് എത്തിയതോടെ ആഘോഷം തുടങ്ങി. വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ ഒപ്പനയും, സ്‌നേഹതീരം വൊളന്റിയര്‍മാരുടെ പാട്ടും നൃത്തവും ഉച്ചഭക്ഷണവും കേക്ക് മുറിക്കലുമെല്ലാമായി ഒത്തുകൂടിയവര്‍ വിവാഹം ആഘോഷിച്ചു. ഇരുവരുടെയും രക്ഷിതാവിന്റെ സ്ഥാനത്ത് നിന്ന് കിന്‍ഷിപ് ഡയറക്ടര്‍ നാസര്‍ കുറ്റൂരു തന്നെയാണ് കാര്യങ്ങളെല്ലാം നിയന്ത്രിച്ചത്. സ്‌നേഹതീരം വൊളന്റിയര്‍മാരും എല്ലാത്തിനും നേതൃത്വം നല്‍കി. ഇന്ന് ചെറിയപറപ്പൂരുള്ള ഷബാനയുടെ പിതാവ് ഹംസയുടെ നേതൃത്വത്തില്‍ നിക്കാഹ് നടക്കും. തുടര്‍ന്ന് ബിപി അങ്ങാടിയിലുള്ള മാതാവ് ഷാഫിജയുടെ വീട്ടില്‍ സല്‍ക്കാരവുമുണ്ട്. മാതാപിതാക്കളില്ലാത്ത യൂനസിന്റെ സഹോദരങ്ങള്‍ നൂര്‍ജഹാനും നൗഫലുമാണ് വരന്റെ കൂടെയുണ്ടായിരുന്നത്.
കിന്‍ഷിപ്പില്‍ ശനിയാഴ്ച നടന്ന വിവാഹ സല്‍ക്കാര ആഘോഷത്തില്‍ വധൂവരന്‍മാര്‍ക്ക് ആശംസകള്‍ നേരാന്‍ നിരവധി പേരെത്തി. ഗായകന്‍ ഫിറോസ് ബാബു, അസ്മ കൂട്ടായി തുടങ്ങിയവര്‍ സംഗീതസദ്യയൊരുക്കി.
ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി കഴിഞ്ഞ 10വര്‍ഷമായി കിന്‍ഷിപ്പ്് തിരൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവരുന്നു. 40അന്തേവാസികളുള്ള ഇവിടെ ഇവര്‍ക്കുവേണ്ട വിവിധ തെറാപ്പികളും, പുനരധിവാാസ പ്രവര്‍ത്തനളുമാണു നല്‍കിവരുന്നത്.
വിവാഹച്ചടങ്ങിന് തിരൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എ.പി.നസീമ, നൂര്‍ ജലീല, തുടങ്ങിയവര്‍ പങ്കെടുത്തു.
ഡയറക്ടര്‍മാരായ റഫീസ് മാസ്റ്റര്‍, അല്‍ത്താഫ്, ബാബു, ദിലീപ് അമ്പായത്തില്‍, ഫൈസല്‍ ബാബു, അഷ്‌റഫ് റിയല്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നലകി. വിവാഹച്ചടങ്ങിനുവേണ്ടി എല്ലാവിധ ചെലവുകളും, വസ്ത്രം, ഉള്‍പ്പെടെയുള്ള നിരവധി വിവാഹസമ്മാനങ്ങളും വധൂവരന്‍മാര്‍ക്കു സമ്മാനിക്കുകയും ചെയ്തു.