നാലകത്ത് മജീദിന്റെ ജീവകാരുണ്യപ്രവര്‍ത്തനത്തിന് അംഗീകാരം

News

മഞ്ചേരി : ശാരീരിക പരിമിതികള്‍ക്ക് നടുവിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ജനശ്രദ്ധ നേടിയ ഐക്കരപ്പടി തോട്ടുങ്ങല്‍ സ്വദേശി നാലകത്ത് മജീദിന് അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം. രാഷ്ട്രഹിറ്റ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ആന്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ സൊസൈറ്റിയുടെ അംഗീകാരമാണ് ഇക്കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് കോണ്‍ഫറന്‍സില്‍ വെച്ച് നല്‍കിയത്. മലേഷ്യ, സിംഗപ്പൂര്‍, ദുബൈ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, നേപ്പാള്‍, ഭൂട്ടാന്‍, ഇന്തോനേഷ്യ, മാലി ദ്വീപ്, അന്തമാന്‍, നിക്കോബാര്‍ എന്നിവക്കു പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനത്തു നിന്നുള്ള പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലായിരുന്നു അവാര്‍ഡ് ദാനം.
ഐക്കരപ്പടി പരപ്പന്‍കോടുണ്ടായ വെള്ളപ്പൊക്കത്തില്‍ നൂറോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ ഭിന്നശേഷിക്കാരനായ നാലകത്ത് മജീദ് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മജീദ് ഓംബുഡ്സ്മാനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് 40 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടത്തി വെള്ളപ്പൊക്ക ഭീഷണിക്ക് പരിഹാരം കണ്ടിരുന്നു. മഞ്ചേരി സുന്ദര്‍രാജ് ചെയര്‍മാനായ അസോസിയേഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് നാലകത്ത് മജീദിന് ജില്ലാ തലത്തിലെ മികച്ച മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള അവാര്‍ഡ് നല്‍കിയിരുന്നു. മഞ്ചേരി ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിക്ക് കീഴില്‍ പാരാലീഗല്‍ വളണ്ടിയറായി സേവനമനുഷ്ടിച്ചു വരുന്ന മജീദ് ഉപഭോക്തൃ പ്രതികരണ വേദി ജില്ലാ സെക്രട്ടറി, ജനമൈത്രി റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുബൈദയാണ് ഭാര്യ. മക്കള്‍ : മാജിദ, നാജിയ, റജിയ, നജ.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി