കരിപ്പൂരിലെത്തിയ വിമാനത്തിന്റെ സീറ്റിനടിയിലും സ്വര്‍ണം.1.8 കോടി രൂപയടെ സ്വര്‍ണവും 15ലക്ഷം രൂപയുടെവിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി

News

മലപ്പുറം: വിമാനത്താവളം വഴി ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലും ആയി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന മൂന്നേ കാല്‍ കിലോഗ്രാമോളം സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി.
കൂടാതെ വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച ഏകദേശം 15 ലക്ഷം രൂപയ്ക്കു തുല്യമായ വിദേശ കറന്‍സിയും എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍നിന്നും നിന്നും വന്ന കോഴിക്കോട് നീലേശ്വരം സ്വദേശിയായ മുഹമ്മദ് അന്‍വര്‍ഷായില്‍ (27) നിന്നും 1169 ഗ്രാം സ്വര്‍ണ്ണമിശ്രിതവും എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം വാരിയങ്കോട് സ്വദേശിയായ കലകണ്ടത്തില്‍ പ്രമോദില്‍ (40) നിന്നും 1141 ഗ്രാം സ്വര്‍ണ്ണമിശ്രിതവും ആണ് കസ്റ്റീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

പ്രമോദും അന്‍വര്‍ഷായും സ്വര്‍ണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്‌സുലുകള്‍ വീതമാണ് തങ്ങളുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കൊണ്ടുവന്നത്. ഈ രണ്ടു കേസിലും സ്വര്‍ണ്ണമിശ്രിതം വേര്‍തിരിച്ചെടുത്ത ശേഷം പ്രമോദിന്റെയും അന്‍വര്‍ഷായുടെയും അറസ്റ്റും മറ്റു തുടര്‍ നടപടികളും സ്വീകരിക്കുന്നതാണ്. കൂടാതെ ദുബായില്‍ നിന്നും വന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍വശത്തുള്ള ഒരു സീറ്റിന്റെ അടിയില്‍ നിന്നും തങ്ങള്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ 1331 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമിശ്രിതമടങ്ങിയ ചാര നിറത്തിലുള്ള രണ്ടു പാക്കറ്റുകള്‍ പിടിച്ചെടുക്കുകയുണ്ടായി. ഈ കേസില്‍ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിച്ചുകൊണ്ടുവന്ന യാത്രക്കാരനെ പിടികൂടുവാന്‍ കസ്റ്റീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകുവാനെത്തിയ കാസർഗോഡ് ബേക്കല്‍ സ്വദേശിനിയായ ഫാത്തിമ താഹിറ കുഞ്ഞമ്മദില്‍ (40) നിന്നുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 15.36 ലക്ഷം രൂപയ്ക്കു തുല്യമായ 19,200 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. പിടികൂടിയ കറന്‍സി തന്റെ കൈവശമുണ്ടായിരുന്ന ബാഗേജുകളിലാണ് ഫാത്തിമ വിദഗ്ധമായി ഒളിപ്പിച്ചു വച്ചിരുന്നത്. പിടിച്ചെടുത്ത കറന്‍സിയുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ ഫാത്തിമയുടെ പേരില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുകയാണ്.