മലയാള സർവകലാശാലയിൽ ത്രിദിന പൈതൃക സമ്മേളനവും സെമിനാറും

Entertainment News

മലപ്പുറം: കേരളീയ സംഗീത പൈതൃകം മുഖ്യ പ്രമേയമാക്കി മലയാളം സർവ്വകലാശാലയിൽ ത്രിദിന പൈതൃക സമ്മേളനവും സെമിനാറും സംഘടിപ്പിക്കുന്നു. സംസ്കാര പൈതൃക സ്കൂൾ കേരള സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സഹകരണത്തോടെയാണ് പൈതൃക സമ്മേളനം സംഘടിപ്പിക്കുന്നത്. മാർച്ച് 7 ന് ആരംഭിക്കുന്ന പൈതൃക സമ്മേളനം പൈതൃക പഠനസ്കൂൾ ഡയറക്ടർ ഡോ: കെ.എം ഭരതൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും സംഗീത നിരൂപകനുമായ വി.ടി മുരളി ഉദ്ഘാടനം ചെയ്യും, ഹിന്ദുസ്ഥാനി സംഗീതജ്ഞ അബ്രദിത ബാനർജി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കേരളീയ സംഗീത പൈതൃകവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിൽ പ്രമുഖർ പങ്കെടുക്കുന്ന സെമിനാർ സെഷനുകളും സോദാഹരണ പ്രഭാഷണവും സംഗീത കലാപരിപാടികളും അന്തർ സർവ്വകലാശാല പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിക്കുന്നു.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ഈ പൈതൃക സമ്മേളനത്തിൽ രാജ് ആനന്ദ് കെ.ബി, ഫൈസൽ എളേറ്റിൽ, മധു കോട്ടൂർ, ഡോ: ആർ.വി.എം ദിവാകരൻ, ഫാദർ ക്ലോഡിൻ ബിവേര, കല രവി, എൻ.പി വിജയ കൃഷ്ണൻ, മധു കോട്ടയ്ക്കൽ, സജനീവ് ഇത്തിത്താനം, രാജേഷ് കോമത്ത്, അജു കെ.നാരായണൻ, മീര റാം മോഹൻ, മൊഹബ്ബത്ത്, ഭാനു പ്രകാശ് തുടങ്ങിയ പ്രഗത്ഭരാണ് പ്രബന്ധാവതരണവും സോദാഹരണ പ്രഭാഷണവും കലാ പരിപാടികളും അവതരിപ്പിക്കുന്നത്.

പൈതൃക സമ്മേളനത്തോടനുബന്ധിച്ച് കേരള സംസ്ഥാന പുരാവസ്തു വകുപ്പും മലയാള സർവ്വകലാശാല പൈതൃക മ്യൂസിയവും സംയുക്തമായി ലോക സംഗീത പൈതൃകത്തെ പരിചയപ്പെടുത്തുന്ന സാംസ്കാരിക പ്രദർശനവും വാദ്യോപകരണ വാദനവും സംഘടിപ്പിക്കുന്നുണ്ട്, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ നടക്കുന്ന പ്രദർശനത്തിൽ പങ്കെടുക്കാവുന്നതാണ്, പൈതൃക സമ്മേളനത്തിൽ മധു കോട്ടൂരിന്റെ ഓണവില്ലിൻ മേളവും,ഒറ്റ നാടൻ കലാപഠന ഗവേഷണ കേന്ദ്രം അവതരിപ്പിക്കുന്ന നാടൻ പാട്ട് പുള്ളുവൻ പാട്ട് തുടങ്ങിയ ആകർഷകവും അപൂർവ്വവുമായ കലാപരിപാടികൾ സമ്മേളനത്തിന് മാറ്റേകും.