മലപ്പുറം ജില്ലാ കലോത്സവം:നാടക വിധിനിര്‍ണ്ണയത്തില്‍ വ്യക്തിവൈരാഗ്യം:ബാലാവകാശ കമ്മീഷന്പരാതിയുമായി മത്സരാര്‍ത്ഥികള്‍

News

മലപ്പുറം: ഏതാനും ദിവസം മുമ്പ് പൂര്‍ത്തിയായ മലപ്പുറം ജില്ലാ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സര വിധിനിര്‍ണയത്തില്‍ വ്യക്തി വൈരാഗ്യം നടന്നതായി ചൂണ്ടിക്കാട്ടി മത്സരാര്‍ത്ഥികള്‍ ബാലാവകാശ കമ്മീഷനും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കി. മൂന്ന് വിധികര്‍ത്താക്കളില്‍ ഒരാള്‍ സംവിധായകനോടുള്ള വ്യക്തിവൈരാഗ്യം മുന്‍നിര്‍ത്തി മാര്‍ക്കിട്ടെന്നു ചൂണ്ടിക്കാട്ടിയാണ് വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി കൊട്ടൂക്കര പിപിഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.
2 വിധികര്‍ത്താക്കള്‍ തങ്ങളുടെ നാടകത്തിന് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ സംവിധായകനോടുള്ള വൈരാഗ്യത്താല്‍ ഒരു വിധികര്‍ത്താവ് പത്താം സ്ഥാനമാണ് നല്‍കിയത്. ഇതുകൊണ്ടുതന്നെ നാടക മത്സരത്തില്‍ തങ്ങള്‍ മൂന്നാം സ്ഥാനത്തായെന്നും സംസ്ഥാന കലോത്സവത്തില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്.

പരാതിയുടെ പൂര്‍ണ രൂപം താഴേ..

സര്‍/മാഡം,

മലപ്പുറം ജില്ല കലോത്സവത്തിലെ ഹൈസ്‌കൂള്‍ നാടകമത്സര വിധിനിര്‍ണയത്തില്‍ മൂന്ന് ജഡ്ജസില്‍ രണ്ടുപേര്‍ ഞങ്ങളുടെ നാടകത്തിന് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ മൂന്നാമത്തെ ജഡ്ജ് സംവിധായകനോടുള്ള വ്യക്തി വൈര്യാഗ്യത്താല്‍ നല്‍കിയത് പത്താം സ്ഥാനം !

മലപ്പുറം ജില്ല കലോത്സവത്തില്‍ നവംബര്‍ 30 ബുധനാഴ്ച്ച നടന്ന ഹൈസ്‌കൂള്‍ വിഭാഗം മലയാള നാടക മത്സരത്തില്‍ ഞാനടങ്ങുന്ന 10 കുട്ടികള്‍ ചേര്‍ന്ന് കൊണ്ടോട്ടി ഉപജില്ലയെ പ്രതിനിധീകരിച്ച് നാടകം അവതരിപ്പിച്ചിരുന്നു.എന്നാല്‍ വിധി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മൂന്നാം സ്ഥാനവും എ ഗ്രേഡും ആയിരുന്നു ഞങ്ങളുടെ ടീമിന് ലഭിച്ചത്.

തുടര്‍ന്ന് ഞങ്ങള്‍ പ്രോഗ്രാം കമ്മിറ്റി ഓഫീസില്‍ അപ്പീല്‍ നല്‍കുകയും,
മലപ്പുറം ഡി.ഡി ഓഫീസില്‍ അപ്പീല്‍ ഹിയറിങ്ങിനായി ഡിസംബര്‍ 8 ന് പോകുകയും ചെയ്തു.അന്ന് അവിടെ വച്ച് ഉദ്ദ്യോഗസ്ഥര്‍ എന്നോട് വിവരങ്ങള്‍ ആരായുകയും,
പിന്നീട് കൂട്ടായി മാര്‍ക്ക് ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു.
മൂന്ന് ജഡ്ജസിലെ രണ്ടുപേര്‍ ഞങ്ങളുടെ നാടകത്തിനാണ് കൂടുതല്‍ മാര്‍ക്ക് നല്‍കിയതെന്നും,ഒരാള്‍ കേവലം എ ഗ്രേഡിന് ആവശ്യമായ മാര്‍ക്ക് മാത്രം നല്‍കിയെന്നുമാണ് അമ്പരപ്പോടെ അവര്‍ പറഞ്ഞു.
തുടര്‍ന്ന് ഞങ്ങള്‍ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് സ്‌കോര്‍ ലിസ്റ്റ് ലഭ്യമായത്.

സ്‌കോര്‍ ലിസ്റ്റില്‍ മേല്‍പറഞ്ഞതു പോലെ രണ്ട് ജഡ്ജസ് (ശ്രീ.മജീദ് പി ഹനീഫ, ശ്രീ.ബിനേഷ് )ഒന്നാം സ്ഥാനവും,മൂന്നാമത്തെ ജഡ്ജ് ( സുഭീഷ് മീന സുധാകരന്‍)
പത്താം സ്ഥാനവുമാണ് നല്‍കിയതെന്ന് മനസിലായി.
അഞ്ച് മാസത്തോളം രാപ്പകലില്ലാതെയാണ് ഞങ്ങള്‍ നാടകത്തിനായി പരിശീലനം നടത്തിയത്.മൂന്നില്‍ രണ്ട് പേരും ഞങ്ങള്‍ക്ക് കൂടുതല്‍ മാര്‍ക്ക് ഇട്ടിട്ടും എങ്ങനെ പരാജയപ്പെട്ടു എന്ന് പരിശോധിക്കേണ്ടതാണ്.

ആയതിനാല്‍,
പ്രസ്തുത മത്സരത്തിന്റെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ച്, അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന കലോത്സവത്തില്‍ മത്സരിപ്പിക്കണമെന്നും,
ഇനി വരുന്ന വേദികളിലും കലോത്സവങ്ങളിലും മറ്റു കുട്ടികള്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാന്‍
മൂന്നാമത്തെ ജഡ്ജായ ‘സുഭീഷ് മീന സുധാകരനെ’തിരെ തക്കതായ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ,

ടീം ലീഡര്‍
പി.പി.എം.എച്ച്.എസ്.എസ്. കൊണ്ടോട്ടി