ശക്തമായ മഴ തുടരും.. ഇത് ജാഗ്രതക്കാലം..

News

തിരുവനന്തപുരം:മാൻഡോസ്ചുഴലിക്കാറ്റിനെതുടർന്ന് കേരളത്തിൽ നാളെ വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. തിങ്കളാഴ്ച മലപ്പുറം, പാലക്കാട്‌, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണ്. എന്നാൽ ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മഞ്ഞ മുന്നറിയിപ്പാണ്.

    തമിഴ്നാട്ടിൽ കര കയറിയ മാൻഡോസ്ചുഴലിക്കാറ്റ് ദുർഭലമായി ചക്രവാത ചുഴിയായിമാറിയതിന്റെ ഫലമാണ് കേരളത്തിൽ മഴ കനക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നലെ പരക്കെ മഴ കിട്ടിയിരുന്നു. ചെറിയ സമയത്തിനുള്ളിൽ അതി തീവ്രമായ മഴയാണ്പെയ്യുന്നത്. അത്കൊണ്ട് തന്നെ മലയോര പ്രദേശങ്ങളിൽ കനത്ത ജാഗ്രതയാണ്.

നിലവിൽ ഈ ചക്രവാത ചുഴി വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകതിനും, വടക്കൻ കേരളത്തിനും മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. ചക്രവാതചുഴി വടക്കൻ കേരള കർണാടകതീരം വഴി തെക്ക് കിഴക്കൻ അറബിക്കടലിൽ പ്രവേശിച്ച് നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു ഇന്ത്യൻ തീരത്തുനിന്ന് അകന്നു പോകാനാണ് സാധ്യത
മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില സമയങ്ങളിൽ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത ഉണ്ട്.അതിനാൽ തന്നെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെ മത്സ്യബന്ധനത്തിനു പോകുന്നതു നിരോധിച്ചു.

അതിനിടെ മഞ്ഞ നിറത്തില്‍ മഴ തുള്ളികള്‍ വീണതായും പറയപ്പെടുന്നു.മുക്കം പൂള പൊയിലിലെ നാല് വീടുകളിലായാണ് മഞ്ഞ നിറത്തില്‍ തുള്ളികള്‍ വീണതായി കണ്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇവിടെ പെയ്ത മഴയിലാണ് മഞ്ഞ നിറത്തിലുള്ള തുള്ളികള്‍ കണ്ടതെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. അന്തരീക്ഷത്തിലെ രാസ പദാര്‍ത്ഥ സാന്നിദ്ധ്യമാവാം ഇതിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് വിദഗ്ദര്‍ പറഞ്ഞു. എന്നാല്‍ ശാസ്ത്രീയ വിശകലന ശേഷമേ ഈ പ്രതിഭാസത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകു.

തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പടെയുള്ള ജില്ലകളിൽ കനത്ത മഴ തുടർന്നു.ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പത്ത് വിമാനയാത്രകൾ റദ്ദാക്കി. ആന്ധ്രപ്രദേശിലെ തിരുപ്പതി ജില്ലയില്‍ കെവിബിപുരം മണ്ഡലില്‍ ശനിയാഴ്ച റെക്കോഡ് മഴ (258 മില്ലിമീറ്റര്‍) രേഖപ്പെടുത്തി. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. അയ്യായിരത്തില്‍പ്പരം ഹെക്ടറില്‍ കൃഷിനാശമുണ്ടായി. പ്രകാശം ജില്ലയില്‍നിന്ന് മീന്‍പിടിത്തത്തിന് പോയി കടലില്‍ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തി.കേരളത്തിലും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കനത്ത മഴയില്‍ ഇരിങ്ങാലക്കുട കല്ലടയില്‍ മതില്‍ ഇടിഞ്ഞ് വീണു. കോട്ട പടി സതീഷിന്റെ മതിലാണ് പൂര്‍ണ്ണമായും തകര്‍ന്ന് വീണത്. കാന നിര്‍മ്മാണത്തിനായി മതിലിനോട് ചേര്‍ന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് വീഴുകയായിരുന്നു.