ആർ.എസ്.എസ്. പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകം ആസൂത്രണം ചെയ്തത് മോർച്ചറിക്ക് പുറകിലിരുന്ന് ; നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

Crime Keralam News

പാലക്കാട് : ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ നാല് പേർ കസ്റ്റഡിയിലുണ്ടെന്നും ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. പാലക്കാട് സ്വദേശികളായ റിസ്വാൻ, സഹദ്, ബിലാൽ, റിയാസ് ഖാൻ എന്നിവരാണ് പിടിയിലായത്. ഗൂഡാലോചന, കൃത്യം നടത്താൻ സഹായിച്ചു എന്നീ വകുപ്പുകളിലാണ് പ്രതികൾക്കെതിരെ കേസെടുത്തത്.

കൊലപ്പെടുത്താൻ ആറംഗ സംഘം എത്തുമ്പോഴേക്കും മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നുവെന്നും ഇവരാണ് ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതുമെന്നും എ.ഡി.ജി.പി പറഞ്ഞു. ഈ സംഘത്തിലെ 4 പേരാണ് നിലവിൽ പിടിയിലായത്. ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്ന് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നും എഡിജിപി അറിയിച്ചു.

അതേസമയം സുബൈർ വധത്തിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തെങ്കിലും മറ്റു വിവരങ്ങൾ പൊലീസിന് പിടികിട്ടിയിട്ടില്ല. പ്രതികൾ പോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.