പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു

Keralam News

എറണാംകുളം : പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാവുമായിരുന്ന പ്രൊഫ. എംകെ പ്രസാദ് അന്തരിച്ചു. കൊവിഡ് ബാധിതനായി വെന്റിലേറ്ററിൽ കഴിയുന്നതിനിടെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

കേരളത്തിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ തുടക്കക്കാരിൽ ഒരാളായിരുന്ന എം.കെ. പ്രസാദ് സസ്യശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 30 വർഷത്തോളം വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലകളിൽ പ്രവർത്തിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനൊപ്പം സേവ് സൈലന്റ് വാലി പ്രചാരണത്തിന്റെ നേതൃനിരയിൽ നിന്ന് പ്രവർത്തിച്ച ഇദ്ദേഹം പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഐആർടിസിയുടെ നിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന ഗ്രന്ഥകാരൻ കൂടിയായിട്ടുള്ള എംകെ പ്രസാദ് പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചും സൈലന്റ് വാലി ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്ടുമായി ബന്ധപ്പെട്ടുമടക്കം നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.