കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ

Entertainment Keralam News

കൊച്ചി: കേരളത്തിലെ ആദ്യത്തെ മ്യൂസിക്കല്‍ സ്റ്റെയര്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ. എംജി റോഡ് സ്റ്റേഷനിലാണ് സംഗീതം പൊഴിക്കുന്ന കോണിപ്പടികള്‍ക്ക് തുടക്കമിട്ടത്. കീബോര്‍ഡ്, പിയാനോ എന്നിവ വായിക്കാന്‍ അറിയുന്നവര്‍ക്ക് ഇതിലൂടെ മികച്ച സംഗീതം സൃഷ്ടിക്കാം എന്നാണ് ബന്ധപ്പെട്ട അധികൃതർ പറയുന്നത്.

പ്ലാറ്റ്ഫോമിലേക്കുള്ള പടികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും സംഗീതം പൊഴിക്കുന്നതാണ് മ്യൂസിക്കല്‍ സ്റ്റെയര്‍ കൊണ്ടുദ്ദേശിക്കുന്നത്. പിയാനോ, കീ ബോര്‍ഡ് എന്നിവ വായിക്കാനറിയാവുന്നവര്‍ക്ക് കാല്‍പ്പാദം ഉപയോഗിച്ച് സംഗീതം കമ്പോസ് ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതുപയോഗിച്ച് പുതിയ സംഗീതം കംപോസ് ചെയ്യാന്‍ വരെ കഴിയും.

മെട്രോ സ്റ്റേഷനിലെ ബി ഭാഗത്തു നിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് കയറുന്ന സ്റ്റെയറിൽ ആണ് മ്യൂസിക് സ്റ്റെയർ ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകീട്ട് ഗായിക ആര്യദയാലാണ് ഈ സ്റ്റെയറിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്.