ആമസോണും ഫ്ലിപ്കാർട്ടുമടക്കമുള്ള ഓൺലൈൻ ഡെലിവറി കമ്പനികൾക്കൊന്നും ഇനി ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാനാവില്ല

India News

ദില്ലി: ആമസോണും ഫ്ലിപ്കാർട്ടും സൊമാറ്റോയും അടക്കമുള്ള ഓൺലൈൻ ഡെലിവറി കമ്പനികൾക്ക് ഇനി ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാനാവില്ലെന്ന നിയമം വരുന്നു. കമ്പനികളെ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നതിൽ നിന്ന് വിലക്കുന്ന പുതിയ റിസർവ് ബാങ്ക് ഉത്തരവ് 2022 ജൂലൈ ഒന്ന് മുതലാണ് നടപ്പിൽ വരുന്നത്.

ഇതോടെ ഓരോ തവണ ഇടപാട് നടത്തുമ്പോഴും ഉപഭോക്താക്കൾ കാർഡ് വിവരങ്ങൾ പ്രത്യേകം അടിച്ചുകൊടുക്കേണ്ടി വരും. ഉപഭോക്താക്കളുടെ അനുമതിയോടെ കമ്പനികൾക്ക് വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കുക്കുകയും ചെയ്യും.

ജൂലൈ ഒന്ന് മുതൽ കാർഡിലെ അവസാന നാല് അക്കങ്ങളും ബാങ്കിന്റെ പേരും കാർഡ് നെറ്റ്‌വർക്കിന്റെ പേരും പ്രദർശിപ്പിച്ച് ഉപഭോക്താവിൽ നിന്ന് സി.വി.വി. നമ്പർ രേഖപ്പെടുത്താൻ കമ്പനികൾ ആവശ്യപ്പെടുമെങ്കിലും ഇത് നിർബന്ധമായിരിക്കില്ല. വേഗത്തിൽ ഇടപാട് നടത്താൻ വേണ്ടി ഉപഭോക്താക്കൾക്ക് ഈ വഴി ഉപയോഗിക്കാമെന്ന് മാത്രം. അല്ലെങ്കിൽ കാർഡിന്റെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തി ഓരോ തവണയും ഇടപാട് നടത്തേണ്ടി വരും.