സാമ്പത്തിക പ്രതിസന്ധി ; ഹോളോ ബ്രിക്സ് കമ്പനി ഉടമയായ ചെറുകിട സംരംഭക ജീവനൊടുക്കി

Keralam News

തിരുവനന്തപുരം: കടബാധ്യതയിൽ മനംനൊന്ത് ചെറുകിട സംരഭക ജീവനൊടുക്കി. കല്ലുമലയിൽ ഹോളോ ബ്രിക്സ് കമ്പനി നടത്തിയിരുന്ന രാജി ശിവനാണ് മരിച്ചത്.

രാജിക്ക് ഹോളോബ്രിക്സ് കമ്പനി നടത്തിപ്പിനും മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾക്കുംഎടുത്ത വായ്പയും ചിട്ടിയുമായി അൻപത്തിയെട്ട് ലക്ഷത്തിലേറെ രൂപയുടെ കട ബാധ്യതയുണ്ടായിരുന്നു. കൊവിഡിന് പിന്നാലെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതുകൊണ്ടാണ് ബാധ്യത കൂടിവന്നത്.

ഭൂമിയായി 74 സെന്‍റ് കൈവശമുണ്ടായിരുന്നെങ്കിലും ഉപയോഗപ്പെടുത്താൻ പറ്റിയില്ല. വിളപ്പിലിൽ സാങ്കേതിക സർവകലാശാലക്കായി ആദ്യം തീരുമാനിക്കപ്പെട്ട ഭൂപ്രദേശത്ത് രാജിയുടെ കുടുംബത്തിന്‍റെ ഭൂമിയും ഉൾപ്പെട്ടിരുന്നതാണ് കാരണം. ഏറ്റെടുക്കാൻ തീരുമാനിച്ച ഭൂമിയുടെ വിസ്തൃതി കുറച്ചതോടെ പ്രശ്നം വഷളാവുകയും വാങ്ങിവച്ച ഭൂരേഖകൾ സമയത്ത് തിരികെ ലഭിക്കാതായതോടെ ഭൂമി വിൽക്കാനോ വായ്പ എടുക്കാനോ കഴിയാത്ത സ്ഥിതിയായെന്നും ഇതിൽ രാജിക്ക് വിഷമം ഉണ്ടായിരുന്നുവെന്നും ഭർത്താവ് പറഞ്ഞു