മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോ മയക്കുമരുന്ന് കടത്തി; മൂന്നു പേർ അറസ്റ്റില്‍

Crime International News

അബുദാബി: മീനിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോഗ്രാം മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികളെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്. അബുദാബി പൊലീസ് നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ കുടുങ്ങിയത്.

ഫെഡറല്‍ ഡ്രഗ് പ്രോസിക്യൂഷനുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പ്രതികള്‍ കണ്ടുപിടിച്ച മാര്‍ഗം കണ്ടെത്താന്‍ കഴിഞ്ഞതെന്ന് അബുദാബി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു. വാട്‌സാപ്പ് വഴി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള അബുദാബി പൊലീസിന്റെ വലിയ ഓപ്പറേഷന്റെ ഭാഗമാണ് അറസ്റ്റ്.