സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവതി അറസ്റ്റിൽ

Crime Keralam News

കലവൂര്‍: സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ച യുവതി അറസ്റ്റില്‍. ആലപ്പുഴ കളപ്പുര ചക്കംപറമ്പ് രമാദേവി (45) ആണ് അറസ്റ്റിലായത്. കലവൂർ പാലത്തിന് സമീപം സരസമ്മ എന്ന 81 കാരിയുടെ സ്വര്‍ണമാലയാണ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്. ദൃക്‌സാക്ഷിയുടെയും സിസിടിവി ദൃശ്യത്തിന്റെയും സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വഴി ചോദിക്കാനെന്ന വ്യാജേന സരസമ്മയുടെ അടുത്ത് വണ്ടി നിർത്തിയ യുവതി വയോധികയുടെ കഴുത്തിലെ ഒരു പവന്റെ മാലയില്‍ പിടുത്തമിടുകയായിരുന്നു. വയോധിക എതിർത്തതിനാൽ മൂന്നര ഗ്രാമ മാത്രം കയ്യിൽ കിട്ടിയ യുവതി അതുമായി കടന്നുകളയുകയും ചെയ്തു. എന്നാല്‍ സംഭവങ്ങൾ സമീപത്തെ മരത്തിന് മുകളിലിരുന്ന മരംവെട്ട് തൊഴിലാളിയുടെ ശ്രദ്ധയിൽ പെടുകയും വാഹനത്തിന്റെ നമ്പര്‍ ഓര്‍ത്തുവെച്ച് പൊലീസിന് കൈമാറുകയും ചെയ്തു. ഇയാളുടെ മൊഴിയുടെയും സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ വാഹനം കണ്ടെത്തി പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രതിക്ക് കാര്‍ ഉള്‍പ്പെടെ മൂന്ന് വാഹനങ്ങളുണ്ട്. ആർഭാട ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.