യൂണിഫോമില്‍ ഫോട്ടോഷൂട്ട്; വിവാദമായി വനിതാ എസ്.ഐ യുടെ സേവ് ദ ഡേറ്റ്

Keralam News

കോഴിക്കോട്: കോഴിക്കോട് സിറ്റി പരിധിയിലെ പൊലീസ് സ്റ്റേഷനിലെ വനിതാ പ്രിന്‍സിപ്പല്‍ എസ്.ഐ യുടെ സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് വിവാദത്തിൽ. യൂണിഫോമിട്ട് ഫോട്ടോഷൂട്ടിന് പോസ് ചെയ്തതാണ് വിവാദത്തിന് കാരണമായാത്.

2015ല്‍ ടി പി സെന്‍കുമാര്‍ ഡി ജി പി ആയിരിക്കെ സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സേനാംഗങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളെക്കുറിച്ച്‌ ഉത്തരവിറക്കിയിരുന്നു. അതിൽ പൊലീസ് ഉദ്യോഗസ്ഥര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ യൂണിഫോമിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് പ്രത്യേകം നിഷ്കർഷിച്ചിരുന്നു.

എസ് ഐയുടെ സേവ് ദ ഡേറ്റ് വളരെ വേഗം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ഇത് യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തലാണെന്നും, ഡി ജി പിയുടെ ഉത്തരവിന്റെ ലംഘനമാണെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നതുകൊണ്ടുതന്നെ എസ്.ഐയ്‌ക്കെതിരെ നടപടി ഉണ്ടാവാനാണ് സാധ്യത.