ഇടുക്കിയിൽ കാട്ടാനയെക്കണ്ട് ഭയന്നോടിയ മൂന്ന് സ്ത്രീകൾക്ക് പരിക്ക്

Keralam News

പൂപ്പാറ: ഇടുക്കി ആനയിറങ്കലില്‍ കാട്ടാനയെ കണ്ട് ഭയന്നോടിയ മൂന്നു സ്ത്രീകൾക്ക് പരിക്കേറ്റു. പ്രകോപിതനായ കാട്ടാനയിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൃഷിയിടത്തിലേയ്ക്ക് ജോലിയ്ക്ക് പോകുകയായിരുന്ന സ്ത്രീകൾക്കാണ് പരിക്കേറ്റത്. വെണ്‍മണി സ്വദേശികളായ ഷൈജാമോള്‍ കെകെ, അമ്മിണി കൃഷ്ണന്‍, സന്ധ്യ ടിഎസ് എന്നിവര്‍ക്കാണ് പരിക്ക്. ആന കാല് കൊണ്ട് തട്ടിമാറ്റിയതിനെ തുടര്‍ന്ന് അമ്മിണിയുടെ കൈയിലും കാലിലും പരിക്കേൽക്കുകയായിരുന്നു. മറ്റുരണ്ടുപേർക്കും ഓടുന്നതിനിടയിലാണ് പരിക്ക് പറ്റിയത്.

ഏലത്തോട്ടത്തിലേക്ക് ജോലിക്ക് പോകുകയായിരുന്ന സ്ത്രീകളാണ് അപകടത്തിൽപ്പെട്ടത്. കാട്ടാനകൾ സ്ഥിരമായി എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു. കുറച്ച് ആഴ്‌ചകൾക്ക് മുന്നേ ഇതേ വഴിയിൽ ബൈക്കിലൂടെ പോകുകയായിരുന്ന ദമ്പതികളെ ആന ആക്രമിക്കുകയും ഭാര്യയെ ചവിട്ടിക്കൊല്ലുകയും ചെയ്തിരുന്നു.