മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി

Health Keralam News

കോട്ടയം: ജില്ലയിലെ അമ്പതിലധികം കുടിവെള്ള പദ്ധതികളുടെ സ്രോതസായ മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് പാല, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളില്‍ മീനച്ചിലാറ്റിലെ വെള്ളം ഒരു തരത്തിലും ശുദ്ധീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്ന് വ്യക്തമായത്. കൊവിഡ് വ്യാപനത്തിന് മുമ്പും ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തല്‍.

മീനച്ചിലാറ്റിലെ വെള്ളത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. മീനച്ചിലാറ്റിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി.

ഹോട്ടലുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ വൻതോതിൽ തന്നെ ആറ്റില്‍ കൊണ്ട് നിക്ഷേപിക്കുന്നുണ്ട്. കോളിഫോം സാന്നിധ്യമുള്ള വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം, മലേറിയ അടക്കമുള്ള ജലജന്യരോഗങ്ങള്‍ പകരുമെന്നാണ് ആരോഗ്യവിദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മലിനീകരണം തടയാന്‍ അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കുമുണ്ടാകുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നൽകുന്നു.