ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയ ബസുകളുടെ വാടക ലഭിച്ചില്ല; ജില്ലാ ഇലക്ഷന്‍ ഓഫീസിനു മുന്‍പില്‍ സമരം നടത്താനൊരുങ്ങി ബസ് ഉടമകള്‍

News

മലപ്പുറം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലീസ്, ബൂത്തുകള്‍ എന്നിവക്ക് വേണ്ടി സര്‍വീസ് നടത്തിയ ബസ്സുകള്‍ക്ക് ഇതു വരെ വാടക ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് ജില്ലാ ഇലക്ഷന്‍ ഓഫീസിനു മുന്‍പില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഉടമകളും, ജീവനക്കാരും തൊഴിലില്ലാതെ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്തു ഉദ്യോഗസ്ഥര്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് വാടക നീട്ടിക്കൊണ്ടു പോവുകയാണ്. ഈ നിലപാട് തിരുത്തണം. അന്ന് ജോലി ചെയ്ത ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ പോലും സാധിച്ചിട്ടില്ലെന്ന് ബസ് ഉടമകള്‍ പറയുന്നു.

ഡ്യൂട്ടി കഴിഞ്ഞു മലപ്പുറം കോളേജില്‍ തിരിച്ചെത്തിയ ബസുകളെ അകാരണമായി ഉദ്യോഗസ്ഥര്‍ നേരം പുലരുംവരെ പിടിച്ചിട്ടെന്നും ബസ് ഉടമകള്‍ ആരോപിക്കുന്നു. ഇതിനെതിരെ ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മഞ്ചേരി യൂണിറ്റ് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതിന്റെ അന്വേഷണം മന്ദഗതിയിലാണ് നടക്കുന്നതെന്നും ഉടമകള്‍ പറയുന്നു.

പോലീസിനു വേണ്ടി സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്ക് മിനിമം കിലോമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തിയപ്പോള്‍ ഉടമയാണ് ഇന്ധനം നിറച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് 72 രൂപയായിരുന്ന ഡിസലിന് 26 രൂപയുടെ വിലവര്‍ദ്ധനവാണ് നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിട്ടുള്ളത്. എന്നാല്‍ വാടക പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കുറവാണ്. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഇലക്ഷന്‍ കമ്മീഷന്‍ ഉടമകള്‍ക്ക് നല്‍കേണ്ട വാടക പോലും നല്‍കാതെ ചതിക്കുകയാണെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ല സെക്രട്ടറി എം.സി.കുഞ്ഞിപ്പയും മലപ്പുറം യൂണിറ്റ് സെക്രട്ടറി വാക്കിയത് കോയയും പറഞ്ഞു.