കോവിഡ് വാക്‌സിനെടുത്ത് ഒരാഴ്ച ചിക്കന്‍ കഴിക്കരുതെന്ന് വ്യാജ സന്ദേശം: നടപടിക്കൊരുങ്ങി ആരോഗ്യ വകുപ്പ്

Health News

കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ ഒരാഴ്ചത്തേക്ക് ചിക്കന്‍ കഴിക്കരുതെന്ന വ്യാജ സന്ദേശം വാട്‌സപ്പിലൂടെ പ്രചരിക്കുന്നു. വാക്‌സിനെടുത്ത ശേഷം ചിക്കന്‍ കഴിച്ച രണ്ടു പേര്‍ മരണപ്പെട്ടുവെന്നും പറയുന്നുണ്ട്. ഇതിനു പുറമെ കാറ്ററിംഗുകാര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കരുതെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ ഗംഗാദത്തന്‍ എന്ന് പരിചയപ്പെടുത്തിയ ആളുടെ പേരിലാണ് ശബ്ദസന്ദേശം പ്രചരിക്കുന്നത്. എല്ലാ ആശാവര്‍ക്കര്‍മാരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും സന്ദേശം അടിയന്തരമായി എല്ലാ ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. നിരവധി വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശം ഇതിനകം പ്രചരിച്ചിട്ടുണ്ട്.

പ്രചരിക്കുന്ന സന്ദേശം വാസ്തവവിരുദ്ധമാണെന്നും ആരോഗ്യ വകുപ്പ് സ്‌പെഷ്യല്‍ ഡയറക്ടര്‍ എന്ന പോസ്റ്റില്ലെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് അറിയിച്ചു. പകര്‍ച്ച വ്യാധിയുടെ സമയത്ത് ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് വ്യക്തമാക്കി. പകര്‍ച്ച വ്യാധി പ്രതിരോധ നിയമമനുസരിച്ച് കേസെടുക്കും. സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്ലിനു വിവരങ്ങള്‍ കൈമാറിയതായും മന്ത്രി പറഞ്ഞു.