മൂന്ന് പതിറ്റാണ്ടിന്റെ ചെറുപ്പവുമായി ഓര്‍മ്മകളുടെ മുറ്റത്ത് ഒരുവട്ടം കൂടി

Local News

അരിയല്ലൂര്‍: മൂന്ന് പതിറ്റാണ്ട് മുമ്പ് പഠിച്ചിറങ്ങിയ സ്‌കൂള്‍ മുറ്റത്ത് വീണ്ടുമെത്തിയപ്പോള്‍ പഴയ പത്താം ക്ലാസുകാരുടെ ഉത്സവതിമര്‍പ്പിലായിരുന്നു എല്ലാവരും. ഓര്‍മ്മകള്‍ പങ്കുവെച്ച് ഒത്തുകൂടിയപ്പോള്‍ അരിയല്ലൂര്‍ എം.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1994ലെ പത്താം ക്ലാസ് ഇ ഡിവിഷനില്‍ പഠിച്ചവരുടെ കൂട്ടായ്മ അവിസ്മരണീയ അനുഭവമായി.പഴയ ക്ലാസ് മുറിയില്‍ തന്നെയായിരുന്നു കൂടിച്ചേരല്‍ ഒരുക്കിയത്. പ്രധാനാധ്യാപികയായിരുന്ന പ്രഭാദേവി ടീച്ചര്‍ എത്തിയപ്പോള്‍ പണ്ടത്തെ ക്ലാസ് ലീഡര്‍മാരായ എം.പി വിനോദും എ.എം അസിഷയും പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. വരാന്തയിലൂടെ ടീച്ചര്‍ എത്തിയപ്പോള്‍ കലപില സംസാരം നിര്‍ത്തി എല്ലാവരും അച്ചടക്കമുള്ള കുട്ടികളായി. ഹാജര്‍ വിളിച്ചപ്പോള്‍ ഓരോരുത്തരും പഴയ കുട്ടികളായി എഴുന്നേറ്റ് നിന്നു. അകാലത്തില്‍ പൊലിഞ്ഞ കൂട്ടുകാരായ എന്‍.എസ് കരുണാകരന്റെയും ഷിനുവിന്റെയും ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷം മൗന പ്രാര്‍ത്ഥന. കാലത്തിന്റെ മാറ്റം കൊണ്ട് പലരും തിരിച്ചറിയാന്‍ പോലും കഴിയാത്തവിധം മാറിയിരുന്നു. പണ്ടത്തെ കുസൃതികളെക്കുറിച്ച് ടീച്ചര്‍ പറഞ്ഞപ്പോള്‍ പൊട്ടിച്ചിരികളായി. പണ്ട് സമരം തുടങ്ങിയിരുന്ന വരാന്തയുടെ മൂലയില്‍ പലരും ഒത്തുകൂടി പഴയ സമരകാലങ്ങള്‍ അയവിറക്കി. ക്ലാസ് മുറിയിലും കുടിവെള്ള ടാപ്പിനടുത്തും പൂന്തോട്ടത്തിലും കറങ്ങി വിശേഷങ്ങള്‍ പങ്കുവെച്ചു. വിദേശത്തുള്ള കൂട്ടുകാര്‍ ഓണ്‍ലൈന്‍ വീഡിയോയിലൂടെ കൂട്ടായ്മയില്‍ പങ്കാളികളായി.
ഒപ്പം പഠിച്ചവരെ ചേര്‍ത്തുപിടിക്കാനും കാലിടറിയവരെ കൂടെനിര്‍ത്താനും സഹായമെത്തിക്കാനും തീരുമാനിച്ചാണ് വീണ്ടും കൂടാമെന്ന ഉറപ്പില്‍ പിരിഞ്ഞത്. കൂട്ടായ്മക്ക് ഇ. സുനില്‍, എം.സജിത, കെ.സി ബൈജു, പി. ജയരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.