എ.ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

Local News

മലപ്പുറം: എ.ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ പ്രഖ്യാപിച്ചു. എ.ആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാര്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ എ.ആര്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികള്‍ ഒരുക്കിയ സന്ദേശ സ്റ്റാള്‍ എ.ഡി.എം എന്‍.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സര്‍ക്കാറുകള്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സന്നദ്ധസംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജനപ്രസ്ഥാനങ്ങള്‍ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകള്‍, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്‌സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ആരോഗ്യവകുപ്പ് നേതൃത്വം കൊടുക്കുന്നത്.

എ.ആര്‍.എന്‍.എച്ച്.എസ്.എസ് ചെണ്ടപ്പുറായ, മര്‍കസ് പബ്ലിക്ക് സ്‌കൂള്‍ ഖുദ്ബി ക്യാമ്പസ് പുതിയത്ത് പുറായ, ജി.എച്ച്.എസ് കൊളപ്പുറം, അല്‍ഫുര്‍ഖാന്‍ ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മമ്പുറം, മലബാര്‍ സെന്‍ട്രല്‍ സ്‌കൂള്‍ വലിയപറമ്പ്, അല്‍ഹുദ ഇംഗ്ലീഷ് മിഡീയം സ്‌കൂള്‍ ആള്‍ന്‍ഡ് ഇസ്ലാമിക്ക് പ്രീ സ്‌കൂള്‍ കുറ്റൂര്‍ നോര്‍ത്ത്, എ.എ.എം.എല്‍.പി.എസ് പുതിയത്ത് പുറായ, ഇഖ്‌റ ട്രന്റ് പ്രീ സ്‌കൂള്‍ എ.ആര്‍ നഗര്‍, ജി.എല്‍.പി.എസ് പുകയൂര്‍, ജി.എം.എല്‍.പി.എസ് മമ്പുറം, ജി.യു.പി.എസ് എ.ആര്‍ നഗര്‍, എ.യു.പി.എസ് ഇരുമ്പുചോല, അല്‍ഫിത്ര ഇസ്ലാമിക്ക് പ്രീ സ്‌കൂള്‍ ആന്‍ഡ് സ്‌കൂള്‍ ഓഫ് ഹിഫ്‌സ് മമ്പുറം എന്നീ 13 സ്ഥാപനങ്ങളാണ് പുകയില രഹിത വിദ്യഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.

പഞ്ചായത്തിലെ വിവധ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, പുകയിലക്കെതിരായ നൃത്ത ശില്‍പ്പം, പാവ നാടകം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങില്‍ ഡി.എം.ഒ ഡോ. ആര്‍. രേണുക, ജില്ലാ വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അഷറഫ് പെരുമ്പള്ളി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി. ഷുബിന്‍, അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് ശക്തി സിംഗ് ആര്യ, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ വൈ. ഷിബു, ഡോ.നസീല, നാശ മുക്ത് ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഹരികുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ എന്നിവര്‍ പങ്കെടുത്തു. എ.ആര്‍ നഗര്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നാസര്‍ അഹമ്മദ് നന്ദിയും പറഞ്ഞു.