500 കുരുന്നുകള്‍ അണിനിരന്ന് ഗ്രാന്റ് ദഫ്;മഅദിന്‍ മീലാദ് ക്യാമ്പയിന് ഉജ്ജ്വല സമാപനം

Local News Religion

മലപ്പുറം:ഒരേ താളം, ചുണ്ടില്‍ മദ്ഹ് ഗീതങ്ങള്‍, നിരയും വരിയും ഒപ്പിച്ച് ജനഹൃദയങ്ങളിലേക്ക് കൊട്ടിക്കയറി 500 കുരുന്നുകള്‍… കേരളത്തിലെ ഏറ്റവും വലിയ ഗ്രാന്റ് ദഫ് പ്രദര്‍ശനത്തിന് സാക്ഷിയായി മഅദിന്‍ മീലാദ് ക്യാമ്പയിന് ഉജ്ജ്വല സമാപനം. വ്യത്യസ്ത ഡ്രസ് കോഡുകളും വിവിധ ഇനം ചുവടുകളും നയനാനന്ദം പകരുന്നതായിരുന്നു.
മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച ദഫ് മുട്ടില്‍ അണിനിരന്നത് മഅദിന്‍ പബ്ലിക് സ്‌കൂളിലെ പ്രത്യേകം പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികളാണ്. റബീഉല്‍ അവ്വല്‍ 1 മുതല്‍ മഅദിന്‍ അക്കാദമിക്ക് കീഴില്‍ നടന്ന് വന്ന വിവിധ പരിപാടികളുടെ സമാപനം കൂടിയായിരുന്നു ഇത്. പരിപാടി ആസ്വദിക്കാന്‍ നൂറ് കണക്കിന് പേരാണ് മഅദിന്‍ കാമ്പസിലെത്തിയത്. മഅദിന്‍ എസ്.പി.സി കോര്‍ഡിനേറ്റര്‍ ഫാറൂഖ് ചെറുമുക്ക് ആണ് ദഫ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. പ്രശസ്ത ഗായകരായ അബ്ദുല്‍ മജീദ് ഓമാനൂര്‍, അസദ് പൂക്കോട്ടൂര്‍ എന്നിവര്‍ ഗാനാലാപനം നടത്തി.
മേല്‍മുറി ആലത്തൂര്‍ പടിയില്‍ നിന്നും ആരംഭിച്ച മീലാദ്‌ഘോഷയാത്രയോടെയാണ് ക്യാമ്പയിന്‍ സമാപന പരിപാടികള്‍ക്ക് തുടക്കമായത്. റാലിയില്‍ രണ്ടായിരത്തില്‍ പരം വിദ്യാര്‍ഥികള്‍ അണിനിരന്നു. റാലിക്ക് മഅദിന്‍ അക്കാദമി മാനേജര്‍ ദുല്‍ഫുഖാറലി സഖാഫി, സൈദലവി സഅദി പെരിങ്ങാവ്, അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, പ്രിന്‍സിപ്പള്‍ സൈതലവിക്കോയ കൊണ്ടോട്ടി, വൈസ് പ്രിന്‍സിപ്പള്‍ നൂറുല്‍ അമീന്‍, മഅദിന്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫീസര്‍ സഈദ് ഊരകം, പബ്ലിക് സ്‌കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍, ജാഫര്‍ സഖാഫി പഴമള്ളൂര്‍, അബൂത്വാഹിര്‍ അദനി, ശക്കീര്‍ സഖാഫി കോട്ടുമല, ഹസന്‍ സഖാഫി വേങ്ങര, മുഹമ്മദ് ഖുദ്‌സി എന്നിവര്‍ നേതൃത്വം നല്‍കി.
പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മര്‍ഹബന്‍ റബീഅ് മീലാദ് വിളംബരം, മൗലിദ് പാരായണം, മഹബ്ബ കോണ്‍ഫറന്‍സ്, സ്‌കൗട്ട്, അറബന, ഫ്‌ളവര്‍ ഷോ, നബിദിന സന്ദേശ റാലി, റബീഉല്‍ അവ്വല്‍ 1 മുതല്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ പ്രഭാത മൗലിദ് ജല്‍സ, ലൈറ്റ് ഓഫ് മദീന, മെഗാ ക്വിസ്, സ്നേഹ നബി സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, വനിതാ വിജ്ഞാന വേദി, ചരിത്ര പഠനം എന്നിവ മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചു.